മോഷണം പോയസ്വര്‍ണ്ണാഭരണങ്ങള്‍ കുപ്പത്തൊട്ടിലില്‍

Crime Local News

മഞ്ചേരി: മോഷണം പോയ
സ്വര്‍ണ്ണാഭരണങ്ങള്‍ കുപ്പത്തൊട്ടിലില്‍. ഇക്കഴിഞ്ഞ ശനിയാഴ്ച ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ വി നന്ദകുമാറിന്റെ വീട്ടില്‍ നിന്നും മോഷണം പോയ ആഭരണങ്ങള്‍ അതേ വീടിന്റെ പുറകിലെ കുപ്പത്തൊട്ടിലില്‍ നിന്നും കണ്ടെത്തി. നഷ്ടപ്പെട്ട 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വീട്ടുവേലക്കാരിയാണ് കണ്ടത്. ഉടന്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. തിങ്കളാഴ്ച രാത്രി പ്രദേശത്ത് മഴ പെയ്തിരുന്നു. എന്നാല്‍ കണ്ടെത്തിയ ആഭരണങ്ങള്‍ നനയുകയോ ചെളി പുരളുകയോ ചെയ്തിട്ടില്ല. ഇതില്‍ നിന്നും മോഷ്ടാവ് ഇന്നലെ രാവിലെയാണ് സ്വര്‍ണ്ണം ഇവിടെ കൊണ്ടിട്ടതെന്ന് പൊലീസ് അനുമാനിക്കുന്നു. പരിചയസമ്പന്നനായ ആളല്ല മോഷ്ടാവ് എന്ന് സംഭവ ദിവസം തന്നെ പൊലീസ് പറഞ്ഞിരുന്നു. പൊലീസും ഡോഗ് സ്‌ക്വാഡും ഫിംഗര്‍പ്രിന്റ് വിദഗ്ദരുമെത്തി അന്വേഷണം മുറുകിയതോടെ ഭയന്ന മോഷ്ടാവ് ആഭരണങ്ങള്‍ വീടിനു പിറകില്‍ കൊണ്ടിട്ടതാകുമെന്ന് കരുതുന്നു. 28ന് രാവിലെ എട്ടിനും ഒമ്പതിനും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഡോ. കെ വി നന്ദകുമാര്‍ തിരുവനന്തപുരത്തായിരുന്നു. ഭാര്യ മീരയും മകന്‍ സിദ്ദാര്‍ത്ഥും രാവിലെ വീട് പൂട്ടി താക്കോല്‍ സ്ഥിരമായി വയ്ക്കുന്ന സ്ഥലത്തു വച്ച് ആശുപത്രിയില്‍ പോയതായിരുന്നു. ഇതിനിടെ വീട്ടിലെ ജോലിക്കാരി എത്തി വീട് തുറന്നു പതിവ് ജോലി ചെയ്തു വീട് പൂട്ടി പോയി. വീട്ടുകാര്‍ ആശുപത്രിയില്‍ നിന്നു തിരിച്ചെത്തിയപ്പോഴാണ് ബെഡ് റൂമിലെ അലമാരയില്‍ ബോക്സില്‍ സൂക്ഷിച്ച സ്വര്‍ണാഭരണം നഷ്ടമായത് അറിയുന്നത്. താക്കോല്‍ സ്ഥിരമായി വയ്ക്കുന്ന സ്ഥലം അറിയുന്നവരാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി