ഹൃദയം ഫലസ്തീന്‍ ജനതക്കൊപ്പം:സമസ്തയുടെ മലപ്പുറത്തെ പ്രാര്‍ത്ഥനാ സംഗമത്തിന് ആയിരങ്ങള്‍

International News

മലപ്പുറം: ഇസ്റാഈല്‍ ക്രൂരതയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മലപ്പുറത്ത് ചേര്‍ന്ന പ്രാര്‍ത്ഥനാ സംഗമം. മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇസ്റാഈലിനെതിരെ ലോക മനസ്സാക്ഷി ഉണരണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍ദ്ദേശ പ്രകാരം സംഘടിപ്പിച്ച സംഗമത്തില്‍ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയില്‍ ഞെരിഞ്ഞമര്‍ന്നു കഴിയുന്ന ഫലസ്തീന്‍ ജനതക്കു വേണ്ടി മനസ്സുരുകി ആയിരങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ദുആഉല്‍ കര്‍ബും അനുഗ്രഹീത സൂറത്തുകളും സവിശേഷ ദിക്റുകളും ചേര്‍ത്തു വെച്ച പ്രാര്‍ത്ഥനാ സദസ്സിനെ ലക്ഷ്യമാക്കി ജില്ലയിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും വിശ്വാസികള്‍ ഒഴുകിയെത്തിയിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സയ്യിദുമാരും നേതൃത്വം നല്‍കിയ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനക്ക് ആമീന്‍ ചൊല്ലി, മര്‍ദ്ദിതര്‍ക്ക് സംഗമം ഐക്യ ദാര്‍ഢ്യം നല്‍കി. സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈ.പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. കോഴിക്കോട് വലിയ ഖാസി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഫലസ്തീന്‍ ജനതക്ക് വേണ്ടിയുള്ള പ്രത്യേകം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ആമുഖഭാഷണം നടത്തി. സമസ്ത ജില്ലാ ഏകോപന സമിതി കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, എസ്.എം.എഫ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈ.പ്രസിഡന്റ് ഹാശിറലി ശിഹാബ് തങ്ങള്‍, എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഷീര്‍ പനങ്ങാങ്ങര, സമസ്ത പ്രവാസി സെല്‍ ജില്ലാ പ്രസിഡന്റ് അബുറശീദ് ദാരിമി പൂവ്വത്തിക്കല്‍, സംഘാടക സമിതി ചെയര്‍മാന്‍ ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട്, ട്രഷറര്‍ കാടാമ്പുഴ മൂസ ഹാജി സംസാരിച്ചു.
സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പെരിമ്പലം, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, അഡ്വ. എം ഉമ്മര്‍, കെ.എന്‍.എ ഖാദര്‍, പാതിരമണ്ണ ബാപ്പു മുസ് ലിയാര്‍, അലി ഫൈസി മേലാറ്റൂര്‍, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ, മുടിക്കോട് മുഹമ്മദ് മുസ് ലിയാര്‍, ഹംസ ഹൈതമി നെന്മിനി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുടിക്കോട് മുസ്തഫ ഫൈസി, ശിഹാബ് ഫൈസി കൂമണ്ണ, മുടിക്കോട് ഉമര്‍ ഫൈസി, പി.എ ജബ്ബാര്‍ ഹാജി എളമരം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി.എം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്മാനി കാളികാവ്, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എം.പി മുഹമ്മദ് മുസ് ലിയാര്‍ കടുങ്ങല്ലൂര്‍, യൂനുസ് ഫൈസി വെട്ടുപാറ, ശമീര്‍ ഫൈസി ഒടമല, ശുഐബ് ഫൈസി പൊന്മള,അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍, ഫാറൂഖ് കരിപ്പൂര്‍ സംബന്ധിച്ചു.

പരീക്ഷണങ്ങളെ പ്രാര്‍ത്ഥനകൊണ്ട് അതിജീവിക്കുക: സാദിഖലി തങ്ങള്‍

മലപ്പുറം: ഫലസ്തീനു മേല്‍ ഇസ്റാഈല്‍ നടത്തുന്ന അധിനിവേശം നീതീകരിക്കാനാവില്ലെന്നും പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ കഴിയുന്ന ഫലസ്തീനികള്‍ക്ക് പ്രാര്‍ത്ഥനയാണ് നമുക്ക് നല്‍കാനുള്ള ഏറ്റവും വലിയ ആയുധമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ സമസ്ത ഏകോപന സമിതി സംഘടിപ്പിച്ച പ്രാര്‍ത്ഥന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
പ്രവാചകന്‍മാരെല്ലാം പരീക്ഷണങ്ങള്‍ നേരിട്ടവരാണ്. പ്രാര്‍ത്ഥന കൊണ്ടാണ് അവരെല്ലാം അതിനെ അതിജീവിച്ചത്. നമുക്കും ചെയ്യാനുള്ളത് അതാണ്. ഗൂഢാലോചനയിലൂടെയാണ് ജൂതരാഷ്ട്രം ഉടലെടുത്തത്. ആ മണ്ണിന്റെ യതാര്‍ത്ഥ അവകാശികളായ ഫലസ്തീനികള്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനായി നടത്തുന്ന ചെറുത്തു നില്‍പ്പുകളോട് ഐക്ക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് മനസാക്ഷിയുള്ളവര്‍ ചെയ്യേണ്ടതെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

അതേ സമയം ചടങ്ങില്‍ ഒരു പ്രമേയവും അവതരിപ്പിച്ചു.

പ്രമേയം

അന്താരാഷ്ട്ര നിയമങ്ങളെയും സാമാന്യ നീതിയെയും വെല്ലുവിളിച്ച് വന്‍കിട രാഷ്ട്രങ്ങളുടെ പിന്തുണയോടെ സയണിസ്റ്റ് ഇസ്റാഈല്‍ ഗസ്സയില്‍ യുദ്ധമെന്ന പേരില്‍ നടത്തുന്ന നരനായാട്ടിനെ ഈ മഹാ സംഗമം അതിശക്തമായി അപലപിക്കുകയും പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനും നിരപരാധികളുടെ ജീവന് സംരക്ഷണം ഉറപ്പ് വരുത്താനും യു.എന്‍ ക്രിയാത്മകായി ഇടപെട്ട് സ്വതന്ത്ര ഫലസ്തീന്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും ഈ പ്രമേയം മുഖേന ആവശ്യപ്പെടുന്നു.
ഏകപക്ഷീയമായ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എന്‍ പ്രമേയത്തിന് പോലും വിലകല്‍പ്പിക്കാത്ത ഇസ്റാഈലിനെതിരെ അന്തര്‍ദേശീയ നീതിന്യായ കോടതി ഇടപെടുകയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യുദ്ധകുറ്റവാളിയായി കണക്കാക്കണമെന്നും ഈ പ്രമേയം ആവശ്യപ്പെടുന്നു.