നിരവധി ഭവന ഭേദനക്കേസുകളിലെ പ്രതി മോഷണശ്രമത്തിനിടെ അറസ്റ്റില്‍

Breaking Crime Keralam News

മലപ്പുറം: നിരവധി ഭവന ഭേദനക്കേസുകളിലെ പ്രതിയെ മോഷണശ്രമത്തിനിടെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശേരി ഇയ്യാട് കിഴക്കെതോട്ടായി അജയകുമാര്‍(30) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മൂന്നിന് നാരോക്കാവ് അങ്ങാടിക്ക് സമീപം അബ്ദുള്‍ കരീം എന്നയാളുടെ വാടക വീട്ടിലാണ് മോഷണം നടന്നത്. അബ്ദുള്‍ കരീമും കുടുംബവും അജ്മീര്‍ തീര്‍ത്ഥാടനത്തിന് പോയതായിരുന്നു. നിലമ്പൂര്‍ റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന പ്രതി അബ്ദുള്‍ കരീമിന്റെ വീട്ടിലെത്തുകയും ആളില്ലെന്ന് ഉറപ്പാക്കി വീടിന്റെ വാതില്‍ തുറന്ന് അകത്ത് കടന്ന് ഹാളില്‍ ഒളിച്ചിരിക്കുകയും വീടിന്റെ പിന്‍വശത്തെ ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ ചായ കുടിക്കാന്‍ പോയ തക്കം നോക്കി ഹാളില്‍ സ്ഥാപിച്ചിരുന്ന ടി.വി മോഷ്ടിക്കുകയുമായിരുന്നു. ഇയള്‍ ടി.വിയുമായി പോകുന്നത് കണ്ട അയല്‍വാസി വര്‍ക്ക് ഷോപ്പിലെ ജീവനക്കാരെ ഫോണില്‍ വിവരമറിയിച്ചു.

ജീവനക്കാരെത്തി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞത്. സംശയം തോന്നിയ ജീവനക്കാര്‍ പൊലീസിനെ വിളിച്ചുവരുത്തി. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യംചെയ്തപ്പോള്‍ വിലാസം മാറ്റി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. നിരന്തരമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.


നിരവധി ഭവന മോഷണക്കേസുകളില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് പ്രതി. കഴിഞ്ഞ വര്‍ഷം പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭവനഭേദനക്കേസില്‍ ഏഴ് മാസത്തെ തടവ് ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്. തുടര്‍ന്ന് എറണാകുളം ഭാഗത്ത് പോയി വിവാഹം കഴിച്ചു. വഴിക്കടവിലും പിന്നീട് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും കുടുംബസമേതം താമസിച്ചു വരികയായിരുന്നു. വിവിധ ജില്ലകളില്‍ പ്രതിക്കെതിരെ കേസുകളുണ്ട്.

പ്രതിയെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വഴിക്കടവ് സബ് ഇന്‍സ്പെക്ടര്‍ ഒ.കെ വേണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സി.പി.ഒമാരായ ഇ.ജി പ്രദീപ്, ശ്രുതിന്‍, ഹരിപ്രസാദ്, വിനു, വിനീഷ്, നിഖില്‍, ഉമേഷ്, അനീഷ് എന്നിവരാണ് തുടരന്വേഷണ സംഘത്തിലുള്ളത്.