പെട്രോള്‍ പമ്പുകളിൽ ഫാസ്‍ടാഗ് കാണിച്ചു പണമിടപാട് നടത്താം

India News

പെട്രോള്‍ പമ്പുകളിൽ പണം അടയ്ക്കാൻ ഇനി വാഹനത്തിലെ ഫാസ്‍ടാഗ് മതിയാകും. ഇന്ത്യന്‍ ഓയിലും ഐസിഐസിഐയും ഒത്തുതീർപ്പായതു വഴിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഐസിഐസിഐ ഫാസ്‍ടാഗ് ഉപയോഗിക്കാമെന്നായത്.

ഇതുവഴി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സമഗ്ര ഓട്ടോമേഷന്‍ സംവിധാനത്തിന്റെ വേഗത്തിൽ ഇന്ധനം നിറയ്ക്കാനാവും. പെട്രോള്‍, ഡീസല്‍, സെര്‍വോ ലൂബ്രിക്കന്റ്സ് തുടങ്ങിയവയെല്ലാം ഐസിഐസിഐ ഫാസ്ടാഗില്‍ വാങ്ങാം.

പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഇന്ധനം അടിക്കുന്ന വാഹനത്തിന്റെ ഫാസ്‍ടാഗോ നമ്പർ പ്ലേറ്റോ സ്കാൻ ചെയ്താൽ വാഹനത്തിന്റെ ഉടമയ്ക്ക് ഒടിപി നമ്പർ കിട്ടും. ഇത് പിഒഎസ് മഷീനില്‍ കൊടുത്താൽ ഇടപാട് കഴിയും.

ഐ‌സി‌ഐ‌സി‌ഐ ബാങ്ക് ഫാസ്‍ടാഗ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇന്ത്യന്‍ ഓയിലിന്റെ ഇന്ധന സ്റ്റേഷനുകളില്‍ മുഴുവനായും ഡിജിറ്റൈസ് ചെയ്‍ത അനുഭവം കിട്ടുമെന്നും ഇത് ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നും ഐസിഐസി അധികൃതര്‍ പറഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള വലിയ മുന്നേറ്റമാണിതെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ ഇതിനെ കുറിച്ച പ്രതികരിച്ചത്. ഇന്ധനം നിറയ്ക്കാൻ വരുന്നവർക്ക് ഇത് പുതിയ അനുഭവമായിരിക്കുമെന്നും ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള കാൽവെപ്പു കൂടെയാണിതെന്നും ഐഒസി പറഞ്ഞു.