കുതിരാൻ തുരങ്കം തുറക്കാൻ അഗ്നി രക്ഷാ സേനയുടെ അനുമതി

Keralam News

തൃശ്ശൂർ: കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറക്കാൻ അഗ്നി രക്ഷാ സേനയുടെ അനുമതി. അഗ്നി രക്ഷാ സേന ജില്ലാ മേധാവി അരുൺ ഭാസ്കരൻ തുരങ്കത്തിൽ നടത്തിയ ട്രയൽ റൺ തൃപ്തികരമെന്ന് അറിയിച്ചത്. തുരങ്കം ഗതാഗതത്തിനായി തുറന്നു നൽകുന്നതിന് വേണ്ടി രണ്ടു ദിവസത്തിനകം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്നാണ് ഫയർ ഫോഴ്സ് ജില്ലാ മേധാവി അരുൺ ഭാസ്‌ക്കർ അറിയിച്ചത്.

പാലക്കാട് റീജിണൽ ഫയർ ഓഫീസർ ശ്രീജിത്തും കുതിരാൻ തുരങ്കത്തിന്റെ ഒരുക്കങ്ങൾ തൃപ്തികരമാണെന്നാണ് അറിയിച്ചത്. പത്ത് പ്രത്യേക ഫാനുകളാണ് കാർബൺ മോണോക്സൈഡ് നീക്കം ചെയ്യുന്നതിനായി ഒരുക്കിയിട്ടുള്ളത്. അതുപോലെതന്നെ ഇരുപത് ഇടങ്ങളിൽ തീ കെടുത്തുനത്തിനുള്ള സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.

തുരങ്കത്തിന് അടുത്തോ തുറക്കത്തിന് അകത്തോ അഗ്നി ബാധ ഉണ്ടായാൽ അണയ്ക്കുവാനുള്ള സംവിധാനവും അവിടെ ഒരുക്കിയിട്ടുണ്ട്. അതിനായി തുരങ്കത്തിൽ രണ്ടു ലക്ഷം ലിറ്റർ വെള്ള ടാങ്കാണ് ഉള്ളത്. പര്യാപ്തമായ സംവിധാനമാണ് നിലവിൽ തുരങ്കത്തിൽ ഉള്ളത് എന്നാണ് അഗ്നി ശമന സേന വിലയിരുത്തിയിട്ടുള്ളത്. ഫയർ ഹൈഡ്രന്റ് സിസ്റ്റവും പൂർത്തീകരിച്ചിട്ടുണ്ട്.