മലപ്പുറം മക്കരപ്പറമ്പിൽ വ്യാജ ഡോക്ടർ പിടിയിൽ

Local News

മങ്കട : മതിയായ യോഗ്യത ഇല്ലാതെ രോഗികളെ ചികിത്സിച്ച വ്യാജ ഡോക്ടർ പിടിയിലായി. മക്കരപറമ്പ് മേലേ വിളക്കത്ത് വീട്ടിൽ എം.വി. ഇബ്രാഹിം(45 ) നെ ആണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ദാസ് ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം മങ്കട സബ്ബ് ഇൻസ്പെക്ടർ ഷിജോ.സി. തങ്കച്ചൻ അറസ്റ്റു ചെയ്തത്. 2002 മുതൽ കൊളക്കൻതാറ്റിൽ മുക്ക് എന്ന സ്ഥലത്തുള്ള വീട്ടിലും വിവിധ ക്ലിനിക്, ആശുപത്രികളിൽ താത്ക്കാലിക ജോലിയും ചെയ്തു വരികയായിരുന്നു. വി എച് എസ് ഇ പരീക്ഷ 2-ാം തവണ എഴുതി പാസ്സായ ഇയാൾ വെസ്റ്റ് ബംഗാളിൽ നിന്നും ഇന്ത്യൻ കൗൺസിൽ ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ എന്ന വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ഇത് എം.ബി.ബി.എസ് ജനറൽ ഫിസിഷ്യൻ യോഗ്യത എന്ന രീതിയിൽ പേരിനൊപ്പം ചേർത്ത് ഉപയോഗിച്ച് വരികയായിരുന്നു.ഒതായി യിൽ അസ്‌പെൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ദിവസം വരെ താത്കാലിക വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നു. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി നാഷണൽ സെക്രട്ടറി ആണെന്നും അവകാശപ്പെടുന്നു. ഇയാൾ ആദ്യം ഒരു ആയുർവ്വേദ ഡോക്ടറെ വിവാഹം കഴിച്ചിരുന്നു എങ്കിലും രണ്ട് മാസത്തിനുള്ളിൽ തെറ്റി പിരിഞ്ഞു. രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും മകനേയും ഉപദ്രവിച്ച കാര്യത്തിന് മങ്കടയിൽ കേസ് നിലവിൽ ഉണ്ട്. സമീപ വാസികളുമായും ബന്ധുക്കളുമായും അകന്നു കഴിയുന്ന പ്രകൃതക്കാരനായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.