കോഴിക്കോട് വിമാനത്താവളത്തിന് മണ്ണെടുത്ത സ്ഥലത്ത് മണ്ണിടിച്ചിൽ ഭീഷണി : സഹായം നൽകാമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനിൽ

Breaking Keralam Local News

മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി മണ്ണെടുത്ത സ്ഥലത്തുള്ള വീടിനും ഭൂമിക്കും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വീട്ടുടമയ്ക്ക് സ്ഥലം വാങ്ങി വീട് നിർമ്മിക്കാനുള്ള സാമ്പത്തിക സഹായം നൽകാമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. പരാതിക്കാരനായ കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി മുഹമ്മദ് കണ്ണനാരി സഹായം ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

പള്ളിക്കൽ പഞ്ചായത്തിലുള്ള തന്റെ വീട് മണ്ണിടിച്ചിൽ ഭീഷണി നേരിടുകയാണെന്നാണ് മുഹമ്മദ് കണ്ണനാരിയുടെ പരാതി. കമ്മീഷൻ മലപ്പുറം ജില്ലാ കളക്ടറിൽ നിന്നും അന്വേഷണ റിപ്പോർട്ട് വാങ്ങി.
1993 – 94 കാലഘട്ടത്തിലാണ് വിമാനത്താവളത്തിന് വേണ്ടി സ്ഥലം ഏറ്റെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലു മീറ്റർ നീതിയിലും ഇരുപത്തിയഞ്ചു മീറ്റർ നീളത്തിലും പരാതിക്കാരന്റെ ഭൂമിയുടെ അതിർത്തി ഇതിനകം ഇടിഞ്ഞുവീണിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. വീടിനോട് ചേർന്ന ശൗചാലയത്തിന്റെ ടാങ്ക് ഇടിഞ്ഞു..

പ്രകൃതിക്ഷോഭം കാരണമല്ല മണ്ണിടിച്ചിൽ ഉണ്ടായത്. പരാതിക്കാരന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ദുരന്തസാദ്ധ്യതാ പ്രദേശശത്ത് നിന്ന് ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റി പാർപ്പിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ സർക്കാരിന് നൽകും.. സ്ഥലം വാങ്ങാൻ ആറു ലക്ഷവും വീട് നിർമ്മിക്കാൻ നാലു ലക്ഷവും സർക്കാർ സഹായം നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പരാതിക്കാരൻ അപേക്ഷ നൽകിയാൽ അനന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.