കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

Health Keralam News

ദില്ലി: കൊവിഡ് വ്യാപനം കൂടുതലുള്ള ഇന്ത്യയിലെ 22 ജില്ലകളില്‍ 7 എണ്ണവും കേരളത്തിൽ നിന്ന്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്ക അറിയിച്ചത്. നിലവിൽ കേരളത്തിലെ പത്ത് ജില്ലകളിലും ടിപിആര്‍ പത്ത് ശതമാനത്തിനും മുകളിലാണ്.

കേരളത്തിൽ നിലവിൽ മഴക്കാല രോഗങ്ങൾ പകരുന്നുണ്ടെന്നും ഇതിനെതിരെ ആളുകൾ എല്ലാവിധ മുൻകരുതലും എടുക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോവിഡിനൊപ്പം വേറെ രോഗങ്ങൾ കൂടെ പകരാൻ ആരംഭിച്ചാൽ കോവിഡ് പ്രതോരോധം പ്രതിസന്ധിയിലാകുന്ന അവസ്ഥ വരുമെന്നും ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തിൽ അനുവദിച്ച വാക്സിൻ തീർന്നത് പ്രകാരം ആവശ്യമായ വാക്സീന്‍ സ്റ്റോക്ക് എത്രയും വേഗം ലഭ്യമാക്കുമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. സിപിഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിൽ ആരോ​ഗ്യമന്ത്രി മന്‍ഷൂഖ് മാണ്ഡവ്യയെ സന്ദർശിച്ച ഇടത് എംപിമാരോടാണ് ഈ വിഷയങ്ങളെല്ലാം അദ്ദേഹം വ്യക്തമാക്കിയത്.