പാരാലിംപിക്‌സിന് ഇന്ന് തുടക്കം; ഇന്ത്യൻ ടീമിന് ആശംസകളുമായി സച്ചിനും കോലിയും

India News Sports

നമുക്ക് ചിറകുകളുണ്ടെന്ന സന്ദേശവുമായി ടോക്കിയോയിൽ വെച്ച് നടത്തുന്ന പാരാലിംപിക്‌സിന് ഇന്ന് ആരംഭം കുറിക്കും. പാരാലിംപിക്‌സിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഇന്ന്
വൈകുന്നേരം നാലരയ്ക്ക് നടക്കും. ഉദ്‌ഘാടന പരിപാടിയിൽ എഴുപത്തിയഞ്ച് കലാകാരന്‍മാരുടെ കലാപ്രകടനങ്ങൾ ഉണ്ടാവും.

അഞ്ച് കായിക താരങ്ങളും ആറ് ഒഫീഷ്യല്‍സും ഇന്ത്യക്കു വേണ്ടി ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞ വട്ടത്തെ റിയോ പാരാലിംപിക്‌സിൽ ഹൈജംപ് മത്സരത്തിൽ സ്വർണം നേടിയ മാരിയപ്പന്‍ തങ്കവേലുവാണ് ഈ വട്ടം ഇന്ത്യൻ പതാകയേന്തുക. ഇന്ത്യയുടെ പാരാലിംപിക് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സംഘമായ 54 കായിക താരങ്ങളാണ് ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്.

160 രാജ്യങ്ങളില്‍ നിന്നുമുള്ള 4,400 കായിക താരങ്ങളാണ് ഈ വട്ടത്തെ പാരാലിംപിക്‌സില്‍ മത്സരിക്കുന്നത്. ആകെ 22 ഇനങ്ങളിൽ മത്സരമുള്ള പാരാലിംപിക്‌സിന്റെ ആദ്യ മത്സരം നടക്കുന്നത് ബാഡ്‌മിന്റണിലും തെയ്ക്വോണ്‍ഡോയിലുമാണ്. നിലവിലെ സാഹചര്യം കാരണം രണ്ടു പേരുള്ള അഫ്ഗാനിസ്ഥാൻ ടീം ഒളിംപിക്സിൽ ഇന്നും ഒഴിവായെങ്കിലും ഉദ്‌ഘാടന പരിപാടിയിൽ അഫ്ഗാനിസ്ഥാന്റെ പതാകയും ഉയർത്തും. ആറ് കായിക താരങ്ങള്‍ അഭയാര്‍ഥികളെ പ്രതിനിധീകരിച്ചും മത്സരിക്കും. സെപ്റ്റംബര്‍ അഞ്ചിനാണ് പാരാലിംപിക്‌സ് അവസാനിക്കുന്നത്.

പാരാലിംപിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ക്രിക്കറ്റ് താരം വിരാട് കോലിയും ആശംസകൾ നേർന്നിരുന്നു. പാരാലിംപിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകളും പിന്തുണയും നേരുന്നുവെന്നും പാരാ അത്‌ലറ്റുകള്‍ ഇന്ത്യക്കു വേണ്ടി അഭിമാന വിജയങ്ങൾ നേടുമെന്ന് തനിക്കുറപ്പാണെന്നുമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ട്വീറ്റ് ചെയ്തത്.

പാരാലിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി മത്സരിക്കുന്ന 54 അത്‌ലറ്റുകളും മെഡൽ നേടാതിരുന്നേക്കാം, പക്ഷെ അവർക്ക് എല്ലാവർക്കും പ്രോല്‍സാഹനം കൊടുക്കുക എന്നതാണ് പ്രധാനകാര്യം. അപ്പോൾ മാത്രമേ നമ്മുടെ കായികരംഗത്ത് മാറ്റമുണ്ടാകൂവെന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കർ ട്വീറ്റ് ചെയ്തിരിക്കുന്നത്.