കണ്ണൂരിലെ രണ്ട് നഗരസഭകളിലും ഒരു ഗ്രാമപഞ്ചയത്തിലും 100 % വാക്സിനേഷൻ

Health Local News

കണ്ണൂര്‍ ജില്ലയിലുള്ള പയ്യന്നൂര്‍, ആന്തൂര്‍ എന്നീ നഗരസഭകളിലെയും എരുവേശ്ശി ഗ്രാമപഞ്ചായത്തിലേയും അർഹതയുള്ള എല്ലാ ആളുകൾക്കും ആദ്യഘട്ട വാക്സിൻ നൽകിയതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ 100 ശതമാനം വാക്സിനേഷൻ നേടിയതിനോടൊപ്പം കൂത്തുപറമ്പ്, തളിപ്പറമ്പ് നഗരസഭകളിൽ 96 ശതമാനവും കോട്ടയം മലബാര്‍, വളപട്ടണം, ഇരിക്കൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിൽ 95 ശതമാനവും വാക്സിനേഷൻ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആഗസ്ത് 23 വരെയുള്ള കണക്കനുസരിച്ച് കണ്ണൂർ ജില്ലയിൽ മൊത്തം 19,49,789 ഡോസ് വാക്സിനുകളാണ് നൽകിയിട്ടുള്ളത്. ജില്ലയിലെ വാക്സിൻ സ്വീകരിക്കാൻ അർഹതയുള്ള പതിനെട്ടു വയസ്സ് കഴിഞ്ഞ 21,68,725 ആളുകളിൽ 14,60,132 ആളുകൾക്ക് ആദ്യത്തെ ഡോസും 5,25,639 ആളുകൾക്ക് രണ്ടാമത്തെ ഡോസും നൽകിയിട്ടുണ്ട്. ഇത് പ്രകാരം ആദ്യഘട്ട വാക്സിനേഷൻ 67.33 ശതമാനവും രണ്ടാം ഘട്ട വാക്സിനേഷൻ 24.24 ശതമാനവും പൂർത്തിയാക്കിയിട്ടുണ്ട്.

അറുപതു വയസ്സിനുമുകളിൽ ഉള്ളവരിൽ 4,45,770 പേർ ആദ്യത്തെ ഡോസും 2,31,935 പേർ രണ്ടാമത്തെ ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. ജില്ലയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നവരും ആദ്യത്തെ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 90.52 ശതമാനമാണ് ഇവരിൽ രണ്ടാമത്തെ വാക്സിന് എടുത്തവർ.