വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ പീഡിപ്പിച്ചെന്ന കേസില്‍ ചാരിറ്റി പ്രവര്‍ത്തകനായപ്രതി അറസ്റ്റില്‍.

Local News

മലപ്പുറം: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വെട്ടത്തൂര്‍ അലനല്ലൂര്‍ സ്വദേശിയും കുറച്ചായി പെരിന്തല്‍മണ്ണ ജൂബിലിയില്‍ താമസിച്ചുവരുന്നതുമായ താന്നിക്കാട്ടില്‍ സെയ്ഫുള്ള(47)യെ ആണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍
എ. പ്രേംജിത്ത് അറസ്റ്റുചെയ്തത്. വയനാട്ടില്‍ നിന്നും ആംബുലന്‍സില്‍ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തല്‍മണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. നിയമപരമായ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണം നടത്തും.
ഇതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ തിരികെ സ്റ്റേഷനിലെത്തിച്ചു.
പ്രതിയുടെ നേതൃത്വത്തില്‍ മുന്നൂറോളം പേരടങ്ങുന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസിക ഉല്ലാസത്തിനായി യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും വയനാട് മാനന്തവാടിയിലാണ് കഴിഞ്ഞദിവസം പരാതി നല്‍കിയത്