മലപ്പുറത്തെ ഉമ്മന്‍ചാണ്ടി അനുസ്മരണച്ചടങ്ങില്‍ അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയെത്തി. ഉമ്മന്‍ ചാണ്ടി വഴികാട്ടിയായ നേതാവെന്നും രാഹുല്‍ ഗാന്ധി

Keralam News

മലപ്പുറം: ജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം രാഷ്ടീയ ജീവിത്തിലെ വഴികാട്ടിയായിരുന്നുവെന്നും മുന്‍ എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യധികം തിങ്ങി നിറഞ്ഞ തികച്ചും വൈകാരികമായ സദസ്സിലേക്ക് അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി യോഗത്തിനെത്തിയത്. കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയില്‍ ചികിത്സയില്‍ കഴിയവെയാണ് മലപ്പുറം ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലേക്ക് അദ്ദേഹം എത്തിയത്. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍ നിന്നാണ് ഉയര്‍ന്നു വരേണ്ടതെന്നും ഉമ്മന്‍ ചാണ്ടി അത്തരത്തില്‍ ഉയര്‍ന്നുവന്ന ഒരാളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി പ്രവര്‍ത്തിച്ച കുറച്ചുനാളത്തെ അനുഭവമുണ്ട്.
ഏറെ മുതിര്‍ന്ന നേതാവായിരുന്ന അദ്ദേഹം ധാരാളം മാര്‍ഗനിര്‍ദേശങ്ങള്‍ തന്നിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ അദ്ദേഹത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. 20 വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു.ഒരിക്കല്‍പോലും അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും പരാതിപ്പെട്ടിട്ടില്ല. അദ്ദേഹവും ആരെക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ല.
ഒരുതരത്തിലും ജനത്തെ വിഭജിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഇവിടെയുള്ള ചെറുപ്പക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടി പ്രചോദനമാണ്. അദ്ദേഹത്തിന്റെ വഴിയെ നടക്കാന്‍ യുവാക്കള്‍ക്കു കഴിയണം.അത്തരം നേതാക്കളെ ആവശ്യമുള്ള നാടാണിത്. അദ്ദേഹത്തെപ്പോലെയുള്ള വലിയ നേതാവിനെക്കുറിച്ച് സംസാരിക്കാനായതു തന്നെ വലിയ കാര്യമായി കാണുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കി പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, സാദിഖ് അലി ശിഹാബ് തങ്ങള്‍,പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി,മാതൃഭൂമി മാനജിങ് ഡയറക്ടര്‍ എം.വി ശ്രെയാംസ് കുമാര്‍,എ.പി അനില്‍ കുമാര്‍ എം.എല്‍.എ, ചാണ്ടി ഉമ്മന്‍ പ്രസംഗിച്ചു.