ശുചിത്വ വഴില്‍ ഏറെ മുന്നിലാണ് മലപ്പുറത്തെ ഈ ആറാം ക്ലാസുകാരന്‍

Breaking Keralam Local News Religion

മലപ്പുറം: മനസ്സില്‍ ശുചിത്വത്തെക്കുറിച്ചുള്ള ബോധമുണ്ടായാല്‍ തന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടാകുമെന്ന മഹാത്മാ ഗാന്ധിജിയുടെ വിശ്വാസത്തിന് കൂടുതല്‍ കരുത്ത് പകരുകയാണ് ആറാം ക്ലാസുകാരനായ അമര്‍നാഥ്. ഗാന്ധിജയന്തി ദിനത്തില്‍ വേറിട്ട വഴിയിലൂടെയല്ല സ്ഥിരം വഴികളിലൂടെ വേറിട്ട കാഴ്ചപ്പാടോടെ നടന്നാണ് പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുട്ടന്നൂര്‍ സ്വദേശിയായ അമര്‍നാഥ് മാതൃകയാകുന്നത്. താന്‍ നടന്ന വഴികളില്‍ പലരും അലക്ഷ്യമായി ഇട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായ സംസ്‌കരണത്തിനായി ഒരുക്കിയാണ് ഈ കൊച്ചുമിടുക്കന്‍ തന്റെ ഗാന്ധിജയന്തി ദിന സന്ദേശം മറ്റുള്ളവരിലേക്കെത്തിക്കുന്നത്.

ഗാന്ധിജയന്തി ദിനത്തില്‍ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ശുചീകരണ പരിപാടികളില്‍ പങ്കെടുക്കാനുള്ള അച്ഛന്റെ ഉപദേശവും അലക്ഷ്യമായി ഇടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുത്തുമെന്ന അറിവുമാണ് അമര്‍നാഥിന് പ്രചോദനമായത്. നടക്കുന്ന വഴികളില്‍ നിന്നും ലഭിച്ച പ്ലാസ്റ്റിക് കവറുകളും മറ്റും ശേഖരിച്ച് വീട്ടിലെത്തിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെളിയും മറ്റും കളഞ്ഞ് ഉണക്കാനായിട്ടു. മഴ കിട്ടിയതിനാല്‍ വൃത്തിയാക്കാന്‍ കാര്യമായി പണിയെടുക്കേണ്ടി വന്നില്ലെന്ന് അമര്‍നാഥ് പറയുന്നു. കവറുകള്‍ ഉണങ്ങിക്കഴിഞ്ഞാല്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് കൈമാറും. ഗാന്ധിജയന്തി ദിനത്തിലെ തന്റെ ‘കൊച്ചു’ സന്ദേശം കൊണ്ട് നാടിന് മാതൃകയായിരിക്കുകയാണ് ഈ മിടുക്കന്‍. തയ്യല്‍ തൊഴിലാളിയായ കൂച്ചിപ്പള്ളി അര്‍ജുനന്റെയും അജിഷയുടെയും മകനായ അമര്‍നാഥ് എടക്കനാട് ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മൂന്ന് വയസുകാരന്‍ അദ്വൈത് സഹോദരനാണ്.