മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു; ഡോക്ടർക്കും സെക്യൂരിറ്റി ഗാർഡിനും മർദ്ദനമേറ്റു

Crime Health Keralam News

മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും സെക്യൂരിറ്റി ഗാർഡിനെയും മർദിച്ചു. അത്യാഹിത വിഭാഗത്തിൽ രോഗിക്കൊപ്പം മദ്യപിച്ചെത്തിയ സംഘമാണ് ഇരുവരെയും കയ്യേറ്റം ചെയ്തത്. സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റു ചെയുകയും മറ്റു രണ്ട് പ്രതികൾക്കായി അന്വേക്ഷണം ആരംഭിക്കുകയും ചെയ്തു.

മാസ്ക് ധരിക്കാതെയാണ് പരിക്കുപറ്റിയ ആളിനോടൊപ്പം ഒരു സംഘം ആളുകൾ ആശുപത്രിയിൽ വന്നിരുന്നത്. ഇതുകണ്ട സെക്യൂരിറ്റി ഗാർഡ് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രകോല്‌പിതരായ സംഘം ഇയ്യാളെ കയ്യേറ്റം ചെയ്യുകയായിരുന്നു. ബഹളം കേട്ടതിനെ തുടർന്ന് വന്ന ഡോക്ടറെയും ഇവർ മർദ്ദിച്ചു.

മര്ദനത്തിനെതിരെ ഇന്നലെ യാതൊരു വിധ നടപടിയും എടുക്കാത്തതിൽ പ്രതിഷേധിച്ച് പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്കരിച്ചിരുന്നു. ഇതിനുശേഷമാണ് പോലീസ് കേസ് എടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം ഡോക്ടർമാർ സമരം അവസാനിപ്പിച്ചു.

ഇതിനുമുൻപും സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്കെതിരെ നിരവധി അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഡോക്ടർമാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. കുട്ടനാട്ടിൽ വാക്സിൻ വിതരണം ചെയ്യുന്നതിനിടെ ഡോക്ടറെ ഉപദ്രവിച്ച കേസിലെ പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാത്തതിൽ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് ആലപ്പുഴയിലെ സർക്കാർ ഡോക്ടർമാർ.