പൊന്നാനിയില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Breaking Keralam News

മലപ്പുറം: മലപ്പുറം പുതുപൊന്നാനിയില്‍ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.പുതുപൊന്നാനി പാലത്തിന് താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായത്. പൊന്നാനി കടവനാട് സ്വദേശി തെരുവത്ത് വീട്ടില്‍ ഫൈസല്‍ (43) ആണ് മരിച്ചത്.


പുതുപൊന്നാനി പാലത്തിന് താഴെ വെച്ച് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന വഞ്ചി ശക്തമായ കുത്തൊഴുക്കില്‍ മറിഞ്ഞതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ഫൈസലിനെ കാണാതാവുകയായിരുന്നു. അപകട വിവരമറിഞ്ഞത് മുതല്‍ പൂക്കൈത പുഴയില്‍ പാലത്തിന് താഴെയും, സമീപത്തെ പുഴയിലുമായി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഫൈസലിനെ കണ്ടെത്താനായില്ല.

വിവരമറിഞ്ഞ് ആദ്യഘട്ട തെരച്ചില്‍ ഫയര്‍ഫോഴ്‌സും, കോസ്റ്റല്‍ പൊലീസും, പൊലീസും,നാട്ടുകാരും ചേര്‍ന്ന് നടത്തിയെങ്കിലും യാതൊരു വിവരവും ലഭിക്കാതായതോടെ തൃശൂരില്‍ നിന്ന് ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി.എന്‍.ഡി.ആര്‍.എഫിന്റെ 26 അംഗ സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ അപകടം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പുതിയ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാലത്തിന് താഴെ കുടുങ്ങിയതാകാമെന്ന സാധ്യത കണക്കിലെടുത്താണ് ഈ ഭാഗം കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തിയത്. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അബുവാണ് ഫൈസലിന്റെ പിതാവ്.ഭാര്യ: ഷാജിറ.മക്കള്‍: ഫാസില്‍, ഫായിസ്, ഫര്‍ഹാന