തിരൂര്‍ ജില്ലാ ആശുപത്രി കാന്റീനിലെ ഫ്രീസറില്‍ എലി

Local News

മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രി കാന്റീനില്‍ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. അധികൃതരെ വരവേല്‍ക്കാന്‍ ഫ്രീസറില്‍ എലിയും. പ്രവര്‍ത്തനം വൃത്തിഹീനമായ സാഹചര്യത്തിലെന്ന് കണ്ടെത്തിയതോടെ കാന്റീന്‍ അടപ്പിച്ച് നഗരസഭ. കാന്റീന്‍ കെട്ടിടത്തിന്റെ അനധികൃത നിര്‍മ്മാണം അന്വേഷിക്കാനെത്തിയ നഗരസഭാധ്യക്ഷയോട് തട്ടിക്കയറി ജില്ലാ ആശുപത്രി സൂപ്രണ്ട്. ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ നഗരസഭാ അധികൃതരെത്തിയതോടെ നാടകീയ രംഗങ്ങള്‍

ജില്ലാ ആശുപത്രി വളപ്പിലെ കാന്റീന്‍ നടത്തിപ്പുകാര്‍ അനധികൃത നിര്‍മ്മാണം നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് നഗരസഭാധ്യക്ഷ എ.പി. നസീമ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ അബ്ദുസലാം എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ അധികൃതരെത്തിയത്. എന്നാല്‍ പരിശോധന ചോദ്യം ചെയ്ത് കാന്റീന്‍ ഉടമ രംഗത്തെത്തി.

കാന്റീന്‍ നടത്തിപ്പുകാരുടെ മോശം പെരുമാറ്റവും അനധികൃത നിര്‍മ്മാണവും അവതരിപ്പിക്കാന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുന്നിലെത്തിയ നഗരസഭാധ്യക്ഷക്ക് അവിടേയും തിരിച്ചടിയേറ്റു. ആശുപത്രി ജില്ലാപഞ്ചായത്തിന്റെതാണെന്നും നഗരസഭയുടേതല്ലെന്നുമായിരുന്നു സൂപ്രണ്ടിന്റെ നിലപാട്. തങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ നഗരസഭ ആര് എന്ന മട്ടിലായിരുന്നു ആശുപത്രി സൂപ്രണ്ട്. അതോടെ സൂപ്രണ്ടുമായി തട്ടിക്കയറേണ്ടിയും വന്നു നഗരസഭ അധികൃതര്‍ക്ക്

കാന്റീന്‍ ഉടമയോട് അനധികൃത നിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെട്ടത് ഭക്ഷണം തുറസായ സ്ഥലത്ത് പാചകം ചെയ്യുന്നത് ഒഴിവാക്കാനാണെന്ന് സൂപ്രണ്ട് വ്യക്തമാക്കി. മറ്റ് സ്ഥലമില്ലാത്തതിനാലാണ് ഇത് ചെയ്തതെന്നും സൂപ്രണ്ട് പറഞ്ഞു. അതോടെ മറ്റ് സ്ഥലം ഞങ്ങള്‍ കാണിച്ച് തരാമെന്നായി നഗരസഭാധ്യക്ഷ

ഇതിനിടെ നഗരസഭാധ്യക്ഷയുടെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് വിഭാഗം കാന്റീനില്‍ പരിശോധനക്കെത്തി. വൃത്തിഹീനമായ സാഹചര്യം അധികൃതര്‍ കയ്യോടെ പിടികൂടി. പഴക്കമുള്ള മാവും മറ്റും കണ്ടെത്തുകയും ചെയ്തു. മാവ് സൂക്ഷിച്ചിരുന്ന ഫ്രീസര്‍ പോലും വൃത്തിയില്ലാത്തതായിരുന്നു. പരിശോധനക്കിടെ ഫ്രീസറില്‍ നിന്ന് എലിയും പുറത്തെത്തി. അതോടെ കാന്റീന്‍ അടപ്പിക്കാന്‍ തീരുമാനമായി.