ക്യാപ്‌സൂള്‍ രൂപത്തിലും സോക്‌സിനുള്ളിലും സ്വര്‍ണം:കരിപ്പൂരില്‍ രണ്ടുകോടിയുടെ സ്വര്‍ണ വേട്ട. നാലുപേര്‍ പിടിയില്‍

Breaking Crime Keralam Local News

മലപ്പുറം: കരിപ്പൂരില്‍ രണ്ടുകോടിയുടെ സ്വര്‍ണ വേട്ട. നാലുപേര്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും ഹാന്‍ഡ് ബാഗേജിനുള്ളിലും സോക്‌സിനുള്ളിലും ആയി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 2 കോടി രൂപ വില മതിക്കുന്ന മൂന്നര കിലോഗ്രാമോളം സ്വര്‍ണം നാലു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ ജിദ്ദയില്‍നിന്നും വന്ന യാത്രക്കാരായ മലപ്പുറം സ്വദേശിയായ റഹ്മാനില്‍ (43) നിന്നും 1107 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സുലുകളും മലപ്പുറം കരുളായി സ്വദേശിയായ മുഹമ്മദ് ഉവൈസില്‍ (30) നിന്നും സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സുലുകളുമാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കൂടാതെ എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍ നിന്നും വന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഉണ്ണിച്ചല്‍ മേത്തല്‍ വിജിത്തില്‍ (29) നിന്നും ശരീരത്തിനുള്ളിലും സോക്‌സിനുള്ളിലും ആയി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1061 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സുലുകളുമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

നാലാമത്തെ കേസില്‍ സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന മലപ്പുറം ഒഴുകൂര്‍ സ്വദേശിയായ ഒസ്സാന്‍കുന്നത്ത് ഷഫീഖില്‍ (27) നിന്നും ഹാന്‍ഡ് ബാഗേജിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 901 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ ദീര്‍ഘ ചതുരാകൃതിയിലുള്ള രണ്ടു പാക്കറ്റുകളുമാണ് കണ്ടെടുത്തത്. ഇങ്ങനെ നാലു കേസുകളിലുമായി 4122 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ ഈ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടര്‍ നടപടികളും സ്വീകരിക്കുന്നതാണ്. ഈ നാലു കേസുകളുമായി ബന്ധപ്പെട്ട് എയര്‍ കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി വരികയാണ്. അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ റഫീഖ് ഹസന്‍, സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, പ്രവീണ്‍ കുമാര്‍ കെ. കെ., പ്രകാശ് ഉണ്ണികൃഷ്ണന്‍, മനോജ് എം., അഭിലാഷ് സി., വീണ ധര്‍മരാജ്, മുരളി പി, ഫിലിപ്പ് ജോസഫ്, സ്വപ്ന വി. എം., ഇന്‍സ്പെക്ടര്‍മാരായ കില്ലി സന്ദീപ്, നവീന്‍ കുമാര്‍, ഇ .രവികുമാര്‍ , ഹര്‍ഷിത് തിവാരി, അര്‍ജുന്‍ കൃഷ്ണ, ശിവകുമാര്‍ വി. കെ., ആര്‍ എസ് സുധ, ദുഷ്യന്ത് കുമാര്‍, അക്ഷയ് സിങ് ഹെഡ് ഹവാല്‍ദാര്‍മാരായ കെ. സെല്‍വം, എലിസബത്ത് ഷീബ എന്നിവര്‍ ചേര്‍ന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.