പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇനി ഓർമ്മ ; പൊലീസ് ബഹുമതികളോടെ ഖബറടക്കി

Keralam News Politics Religion

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇനി ഓർമ്മയിൽ ജീവിക്കും. ഖബറടക്കം പുലർച്ചെ രണ്ട് മണിയോടെ പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. മലപ്പുറം ടൗൺ ഹാളിലെ പൊതുദർശനം ജനത്തിരക്ക് കാരണം പന്ത്രണ്ടരയോടെ നിർത്തിവെച്ച് മൃതദേഹം പണക്കാട് തറവാട് വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.ഇന്ന് രാവിലെ ഒന്പത് മണിക്ക് ഖബറടക്കം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വലിയ തിരക്ക് കാരണം പുലർച്ചെ ഒന്നരയോടെ തന്നെ ഖബറക്കം നടത്തുകയായിരുന്നു. പൊലീസ് ബഹുമതികളോടെയായിരുന്നു സംസ്കാരം. മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിന് അടുത്തായാണ് ഹൈദരലി ശിഹാബ് തങ്ങൾക്കും ഖബറിടം ഒരുക്കിയത്.

മുസ്ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷനും സമസ്​ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറും ആയ പാണക്കാട്​ ഹൈദരലി തങ്ങൾക്ക് ഇന്നലെ 12.40ഓടെയാണ് അന്തരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി വഷളായിരുന്നു. വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്.

സംസ്​ഥാനത്തിനകത്തും പുറത്തും ആയിരങ്ങളുടെ രാഷ്ട്രീയ, സാമുദായിക, ആത്​മീയ നേതൃസ്​ഥാനം അലങ്കരിച്ച വ്യക്തിത്വമായ ഹൈദരലി ശിഹാബ് തങ്ങൾ 2009ൽ പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്നാണ്​ മുസ്ലീം ലീഗ്​ സംസ്​ഥാന അധ്യക്ഷന്റെ പദവിയിലെത്തിയത്​.