വരയ്ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്തി; നൂറുപേർക്കെതിരെ കേസ്

Local News

കോഴിക്കോട്: വീടുകളിൽ നിന്ന് ബലിതർപ്പണം നടത്തണമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിട്ടും കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താൻ ശ്രമിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. വരയ്ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്നായിരുന്നു സർക്കാർ നിര്‍ദ്ദേശം. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരു സമയം 15 പേരെ വെച്ച് ദർശനത്തിന് അനുവദിച്ചിരുന്നു. എന്നാൽ പല ക്ഷേത്രങ്ങളിലും ദർശനത്തിനെത്തിയവരുടെ തിരക്ക് അധികമായിരുന്നു.

നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഏറ്റവും കൂടുതൽ പേർ ബലിതർപ്പണം നടത്തുന്ന ആലുവ മണപ്പുറത്തും തെക്കൻ കേരളത്തിൽ കൂടുതൽ പേരെത്തുന്ന തിരുവല്ലത്തും മധ്യകേരളത്തിലെ തിരുനാവായയിലും ഈ വട്ടം ബലിതർപ്പണമുണ്ടായിട്ടില്ല. സര്ക്കാര് നിയന്ത്രണം പാലിച്ച് നിരവധി ആളുകൾ ഓൺലൈനായാണ് ബലിതർപ്പണം നടത്തിയത്. എന്നാൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സ്വകാര്യ ക്ഷേത്രങ്ങളിലും കൂട്ടായ്മകൾക്ക് കീഴിലും കൂട്ടമായുള്ള ബലിയിടൽ നടന്നിട്ടുണ്ട്.