കോൺഗ്രസ്സിലെ പ്രശ്നങ്ങൾ; യുഡിഎഫ് മുന്നണി വിടാനൊരുങ്ങി ആർഎസ്പി

Keralam News Politics

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചതു സംബന്ധിച്ചും സംസ്ഥാനത്തെ നേതൃത്വമാറ്റവുമായി ബന്ധപ്പെട്ടും കോൺഗ്രസ്സിലുണ്ടായ പ്രശ്നങ്ങൾ യുഡിഎഫിനെയും ബാധിക്കുന്നു. യുഡിഎഫിന്റെ യോഗങ്ങളിൽ നിന്നും മാറിനിൽക്കാൻ ആർഎസ്പി തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂർണമായും യുഡിഎഫ് ഉപേക്ഷിക്കാനും ആർഎസ്പി ഒരുങ്ങുന്നുണ്ടെന്നാണ് സൂചന.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ച സംഘടിപ്പിക്കണെമെന്ന് ആർഎസ്പി ഇതിനു മുൻപ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ യുഡിഎഫ് ഈ ചർച്ചയ്ക്കു തയ്യാറായിരുന്നില്ല. കോൺഗ്രസ്സിന്റെ യോഗം കഴിഞ്ഞതിനു ശേഷം മാത്രം ഉഭയകക്ഷിയോഗം നടത്തിയാൽ മതിയെന്നായിരുന്നു യുഡിഎഫ് നേതൃത്വം അറിയിച്ചത്. ഇതിനു ശേഷമാണ് സെക്രട്ടറിയേറ്റ് യുഡിഎഫ് യോഗത്തിൽ ആർഎസ്പി പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്. ഇത് കൂടാതെ മുന്നണി വിട്ടു പോകുന്നതിനെ കുറിച്ചും ആലോചന നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കോൺഗ്രസിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ തീർപ്പാക്കിയില്ലെങ്കിൽ മുന്നണിയിൽ പ്രശ്നം വഷളാവുമെന്ന് ആർഎസ് പി സംസ്ഥാന സെക്രട്ടി അസീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ചെയ്ത തെറ്റ് യുഡിഎഫ് തിരുത്തണമെന്നും ഈ സ്ഥിതിയിൽ പോയാൽ പോരെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നാൽപ്പത് ദിവസം കഴിഞ്ഞിട്ടും ആർഎസ്പിയെ ചർച്ചയ്ക്കു വേണ്ടി വിളിക്കാഞ്ഞതിൽ തൃപ്തിക്കുറവുണ്ടെന്നും അതുകൊണ്ടാണ് യുഡിഎഫിന്റെ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും അസീസ് വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളായിരുന്നു മുൻപ് ആർഎസ്പിയെ യുഡിഎഫിന്റെ ഭാഗമാക്കാൻ പ്രധാന കാരണമായത്. പക്ഷെ വിഡി സതീശനും കെ സുധാകരനും ഉൾപ്പെടെയുള്ള പാർട്ടിയുടെ പുതിയ നേതൃത്വം ഉമ്മൻചാണ്ടി- ചെന്നിത്തല വിഭാഗക്കാരെ ഒതുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആർസ്പിക്കാരും വിശ്വസിക്കുന്നുണ്ട്. ഇതും മുന്നണി വിട്ടു പോകാനുള്ള ആലോചനയ്ക്ക് കാരണമായിട്ടുണ്ട്. തുടർന്നുള്ള തീരുമാനങ്ങൾ എടുക്കുവാൻ ഈ ശനിയാഴ്ച്ച ആർഎസ്പി യോഗം വിളിച്ചിട്ടുണ്ട്.