കൊവിഡ് അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ ഇളവ് നീട്ടി കേന്ദ്രം

India News

കൊവിഡ് പ്രത്യേക ആനുകൂല്യമായി കേന്ദ്ര ധനമന്ത്രാലയം ഒഴിവാക്കിയ ഇറക്കുമതി തീരുവയും ഹെല്‍ത്ത് സെസും സപ്തംബര്‍ 30 വരെ പുനരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനം. കൊവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതിയിലാണ് ആനുകൂല്യം ലഭ്യമാവുക. നേരത്തെ നുവദിച്ച ഇളവിന്റ കാലാവധി ആഗസ്ത് 30 ഓടെ അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്.

അവസാനമായി ഏപ്രില്‍ 24ന് ഇറങ്ങിയ വിജ്ഞാപനത്തിനു ശേഷം ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാംതവണയാണ് നീട്ടുന്നത്. കൊവിഡ് വാക്‌സിന്‍, ഓക്‌സിജന്‍ ഉപകരണങ്ങള്‍ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ആവശ്യകത കൂടി നിൽക്കുന്ന പശ്ചാത്തലത്തിൽ ജനതാത്‌പര്യം മാനിച്ചാണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു.

രണ്ടാം തരംഗത്തിൽ ഓക്സിജൻ, വെന്റിലേറ്റർ അടക്കമുള്ള വസ്തുക്കളുടെ ക്ഷാമവും വിതരണവും വൈകുന്നത് പ്രശ്നങ്ങൾക്ക് വഴിവെച്ചിറുന്നു. ഇതേ തുടർന്നാണ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചതും ഇത്തരം അടിയന്തര പ്രാധാന്യമുള്ള വസ്തുക്കളുടെ കസ്റ്റംസ് ക്ലിയറൻസ് വേഗത്തിലാക്കാൻ പ്രധാനമന്ത്രി അആവശ്യപ്പെട്ടതും.