അത്യാകര്‍ഷക പദ്ധതികളുമായി കേരള ടൂറിസം ; വിനോദസഞ്ചാരികളെ വരവേൽക്കാൻ രാജ്യവ്യാപക പ്രചാരണ പരിപാടികൾ

India Keralam News

തിരുവനന്തപുരം: കോവിഡ് മഹാമാരിക്ക് ശേഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യവ്യാപക പ്രചാരണ പരിപാടികളുമായി കേരള ടൂറിസം. ഫാമിലി, പ്രൊഫഷണലുകള്‍, സാഹസിക ടൂറിസ്റ്റുകള്‍, ഹണിമൂണേഴ്സ് തുടങ്ങി വിവിധ വിഭാഗം സഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള അത്യാകര്‍ഷക പദ്ധതികളുമായാണ് കേരളം സഞ്ചാരികളെ കാത്തിരിക്കുന്നത്. കാരവന്‍ ഹോളിഡേയ്സ് പോലുള്ള പുതിയ പദ്ധതികൾ കൂടാതെ ലോംഗ്സ്റ്റേകള്‍, ഹോംസ്റ്റേകള്‍, ഡ്രൈവ് ഹോളിഡേകള്‍ എന്നിങ്ങനെയുള്ള വിവിധ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പുത്തൻ പ്രചാരണ പരിപാടികള്‍ നടത്തുന്നത്.

ലോകമെമ്പാടും കോവിഡ് ആഘാതം കുറഞ്ഞതോടെ യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയത് ടൂറിസം മേഖലയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്തോഷം പ്രകടിപ്പിച്ചു.
വ്യത്യസ്ത ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കേരളത്തിന്‍റെ പുതിയ ടൂറിസം പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തിലൂടെയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വേണു വി. വ്യക്തമാക്കി.

വ്യാപാരമേളകള്‍, ബി2ബി പാര്‍ട്ണര്‍ഷിപ്പ് മീറ്റുകള്‍, പത്ര, ടിവി, റേഡിയോ, ഡിജിറ്റല്‍, ഒടിടി, തിയേറ്റര്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് പ്രധാന പ്രചാരണം. കൂടാതെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റോഡ് ഷോകളും സംഘടിപ്പിക്കും. മാര്‍ച്ച്-മേയില്‍ ഇസ്രായേലിലെ ടെല്‍ അവീവില്‍ നടക്കുന്ന 28-ാമത് അന്താരാഷ്ട്ര മെഡിറ്ററേനിയന്‍ ടൂറിസം മാര്‍ക്കറ്റിലും ബി.ഐ.ടി മിലാനിലും കേരള ടൂറിസം പങ്കെടുക്കും. മാഡ്രിഡിലും മിലാനിലും ബി2ബി മീറ്റുകളും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഒടിഎം മുംബൈ, ടിടിഎഫ് ചെന്നൈ, സൗത്ത് ഏഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്ചേഞ്ച് (എസ്എടിടിഇ) ന്യൂഡല്‍ഹി തുടങ്ങിയ ആഭ്യന്തര വ്യാപാരമേളകളിൽ പങ്കെടുക്കുകയും ന്യൂഡല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ പങ്കാളിത്ത യോഗങ്ങള്‍ നടത്തുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.