2023 ഓടെ റവന്യൂ വകുപ്പ് സമ്പൂര്‍ണ ഇ-സാക്ഷരത സംസ്ഥാനമാക്കി മാറ്റും: മന്ത്രി കെ. രാജന്‍

Keralam News

മലപ്പുറം : 2023ഓടെ കേരളത്തിലെ റവന്യൂവകുപ്പിന്റെ മുഴുവന്‍ വില്ലേജ്, താലൂക്ക് ഓഫീസ് പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയത് സമ്പൂര്‍ണ ഇ-സാക്ഷരത സംസ്ഥാനമാക്കി മാറ്റുകയാണ് മുഖ്യലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കാടാമ്പുഴയിലെ മേല്‍മുറി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു
അദ്ദേഹം. വില്ലേജ് ഓഫീസിനെ ജനകീയവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആരംഭിക്കുന്നത്. കേരളത്തിലെ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ കൂടുതല്‍ വേഗതയേറിയ ഇ-സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിന് എല്ലാ നിയമസഭാ എം.എല്‍.എമാരുടെയും ഫണ്ടുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവഴി അത്തരം ഓഫീസുകളില്‍ ആവശ്യമുള്ള കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍ എന്നിവ വാങ്ങുന്നതിന് ധനവകുപ്പിന്റെ അനുമതി കാത്ത് നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനും ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നതിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും റവന്യൂ വകുപ്പിന്റെ വിവിധ അപേക്ഷകള്‍, സര്‍ട്ടിഫികറ്റുകള്‍ എന്നിവ വില്ലേജ് ഓഫീസില്‍ എത്താതെതന്നെ നല്‍കുന്നതിന് പ്രാപ്തനാക്കുകയാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ താലൂക്ക്തല വികസന സമിതികളെ പോലെ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച മൂന്ന് മണിക്ക് അതത് നിയോജക മണ്ഡലത്തിലെ എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ ജനകീയ വില്ലേജ് കമ്മിറ്റിവഴി അവിടെയുള്ള ജനങ്ങളുടെ റവന്യൂ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാനുള്ള നടപടികളും പുരോഗമിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഇതെല്ലാം വകുപ്പിനെ കൂടുതല്‍ ജനകീയമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച കോട്ടക്കല്‍ വില്ലേജ് ഓഫീസ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. സേവനങ്ങള്‍ തേടി വില്ലേജ് ഓഫീസില്‍ എത്തുന്നവരുടെ സ്വപ്നങ്ങളുടെ വെളിച്ചം സംരക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചാല്‍ മാത്രമേ അക്ഷരാര്‍ത്ഥത്തില്‍ മേല്‍മുറി വില്ലേജ് സ്മാര്‍ട്ട് ആകുകയുള്ളൂവെന്നും അക്കാര്യം ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ പ്രൊഫ. കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാകലക്ടര്‍ വി. ആര്‍. പ്രേംകുമാര്‍, മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.സജ്ന, ജില്ലാ പഞ്ചായത്ത് അംഗം ബഷീര്‍ രണ്ടത്താണി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ.സുബൈര്‍, മാറാക്കര ഗ്രാമപഞ്ചായത്ത് അംഗം സജിത, തിരൂര്‍ തഹസില്‍ദാര്‍ പി. ഉണ്ണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.