ഇൻഡിഗോ എയർലൈൻസിന്റെ സൗജന്യ യാത്ര; നീരജ് ചോപ്രയ്ക്ക് സമ്മാനപ്രവാഹം

India News Sports

ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് ഒരു വർഷത്തെ സൗജന്യ വിമാനയാത്ര സമ്മാനമായി നൽകി ഇൻഡിഗോ എയർലൈൻസ്. ഇതോടൊപ്പം നിരവധി സമ്മാനങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ചോപ്രയ്ക്ക് പ്രഖ്യാപിക്കുന്നുണ്ട്.

കഠിനാധ്വാനം, അഭിനിവേശം, തിരിച്ചുവരവ് എന്നിവ എന്താണെന്ന് നിങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നെന്നും ഭാവിയിലെ ഇന്ത്യൻ അത്ലറ്റിക്സിന് നിങ്ങൾ പ്രചോദനമാവുമെന്നും ഇന്ത്യയുടെ അഭിമാനത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ഇൻഡിഗോ സി.ഇ.ഒ രൺജോയ് ദത്ത പറഞ്ഞു.

ഇതോടൊപ്പം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷൻ ഗോൾഡൻ പാസാണ് നീരജ് ചോപ്രയ്ക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. ഏത് സംസ്ഥാനത്തെയും ബസുകളിൽ ആജീവനാന്തം സൗജന്യമായി യാത്ര ചെയ്യാനാവുന്ന പാസാണിത്.

ഒരു കോടി രൂപ വീതം ബി.സി.​സി.ഐയും ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സും നീരജ് ചോപ്രയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ചെന്നൈ സൂപ്പർ കിങ്‌സ് നീരജ് എറിഞ്ഞിട്ട 87.58 മീറ്റർ ദൂരത്തിന്‍റെ ഓർമ്മയ്ക്കായി 8758 എന്ന നമ്പറിലുള്ള പ്രത്യേക ജേഴ്‌സിയും പുറത്തിറക്കാൻ ഒരുങ്ങുന്നുണ്ട്.