പോലീസിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട പ്രതികൾക്കായി അന്വേക്ഷണം ഊർജ്ജിതമാക്കി

Crime Keralam News

കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ട കേസിലെ പ്രതികൾക്കായി പോലീസ് അന്വേക്ഷണം ആരംഭിച്ചു. കേസിലെ മുഖ്യപ്രതിയായ റിയാസ് എന്ന കുഞ്ഞീതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും കേസിൽ ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഗൂഢാലോചനയിലുണ്ടായിരുന്ന മൂന്നു പ്രതികൾക്കായി കൊടുവള്ളിയിൽ പോലീസ് തിരച്ചിൽ നടത്തിയിരുന്നു.

അന്വേക്ഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനെയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നും യാതൊരു വിധ രേഖകളുമില്ലാത്ത വണ്ടിയിടിച്ച് കൃത്യം നിര്വഹിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും പോലീസ് വിശദീകരിച്ചു. സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിനിടെയാണ് റിയാസ് പോലീസിന്റെ പിടിയിലായത്.

റിയാസിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നെങ്കിലും മുഴുവൻ വിവരങ്ങളും മായ്ച്ചു കളഞ്ഞ നിലയിലായിരുന്നു. സാങ്കേതിക വിദ​ഗ്ദ്ദരുടെ സഹായത്തോടെ വിവരങ്ങൾ വീണ്ടെടുത്തപ്പോഴാണ് ഇവരുടെ കൊലപാതകത്തിനുള്ള പദ്ധതിയെ കുറിച്ച് പോലീസ് അറിയുന്നത്. കേസിലെ വേറൊരു പ്രതിയ്ക്ക് റിയാസ് അയച്ച വാട്സാപ്പ് സന്ദേശത്തിലായിരുന്നു പദ്ധതിയെക്കുറിച്ച് പറഞ്ഞിരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ റിയാസ് കൂടെ സമ്മതിച്ചതോടെയാണ് പദ്ധതിയുടെ കാര്യം ഉറപ്പാക്കിയത്.