സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

Keralam News

സംസ്ഥാനത്തെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. രണ്ടു മാസത്തേയും കൂടെ പെൻഷൻ ഒരുമിച്ച് 3200 രൂപയാണ് ഈ മാസം ഒരാൾക്ക് വിതരണം ചെയ്യുക. ഈ മാസം പത്തിനകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം.

അന്തിമ പട്ടിക പ്രകാരം 48,52,098 പേർക്കാണ് ഈ മാസം പെൻഷൻ നൽകാനുള്ളത്. ഇതിൽ 24.85 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടും, ബാക്കിയുള്ളവര്‍ക്ക് സഹകരണബാങ്ക് വഴി വീടുകളിലേക്കുമാണ് പെൻഷൻ തുക എത്തിക്കുക. പെൻഷൻ വിതരണത്തിന് മാത്രമായി 1481.87 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

കോവിഡ് മൂലം എല്ലാവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ദരിദ്രജനങ്ങളിൽ ഈ പ്രതിസന്ധി രൂക്ഷമാണ്. ഇതിനിടെ ഓണം കൂടെ വരുന്നതിനാൽ പണം കയ്യിലുണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. അതിനാലാണ് ജൂലൈ- ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യാൻ തുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.