എസ് സി പ്രൊമോട്ടറെ എക്സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു; രണ്ടു കൂട്ടർക്കുമെതിരെ കേസ്

Crime Local

കണ്ണൂര്‍: ലഹരി വസ്തു കൈവശം വെച്ചെന്ന് ആരോപിച്ച് എസ് സി പ്രൊമോട്ടറെ എക്സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി. കണ്ണൂര്‍ ചാവശ്ശേരി സ്വദേശി സെബിനാണ് മർദ്ദനത്തിൽ കഴുത്തിന് സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. എന്നാൽ തങ്ങൾ ഉപദ്രവിച്ചില്ലെന്നും ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മട്ടന്നൂർ എക്സൈസ് പരാതിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.

ആഗസ്ത് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മർദ്ദനത്തിൽ പരാതിപ്പെട്ടതിനെ തുടർന്ന് മട്ടന്നൂർ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നും കേസ് ഒതുക്കി തീർക്കാൻ മട്ടന്നൂർ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും കാണിച്ച് സെബിന്‍റെ അച്ഛൻ സെബാസ്റ്റ്യന്‍ പൊലീസിനെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട്. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ സെബിനെതിരെയും മട്ടന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.