ക്ലബ് ഹൗസിലെ അശ്ലീലചർച്ചകൾക്ക് അറുതി വരുത്താൻ കേരള പോലീസിന്റെ ശക്തമായ നിരീക്ഷണം

Crime Entertainment Feature Keralam

ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ പ്രചാരം ലഭിച്ച സോഷ്യൽ മീഡിയ ആപ്പാണ് ക്ലബ് ഹൗസ്. ശബ്ദം കൊണ്ട് മാത്രം പരസ്പരം സംവദിക്കാനും ചർച്ചകളിൽ പങ്കെടുക്കാനും സാധിക്കുമെന്നതാണ് ക്ലബ് ഹൗസിന്റെ പ്രത്യേകത. തുടക്കത്തിലുണ്ടായിരുന്ന സ്വീകാര്യത കുറഞ്ഞെങ്കിലും സ്ഥിരമായിപ്രവർത്തിക്കുന്ന ഒത്തിരി റൂമുകൾ ഇവിടെ നിലവിലുണ്ട്. അതിൽ തന്നെ 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഗ്രൂപ്പുകൾ പോലുമുണ്ട്. എന്നാൽ ക്ലബ് ഹൗസ് വഴി അശ്ലീലവും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്ക് കനത്ത മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തിയിട്ടുണ്ട്. അത്തരം ഗ്രൂപ്പുകളെ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.


ക്ലബ് ഹൗസിന്റെ ചരിത്രം

രോഹൻ സേത്ത് എന്ന അമേരിക്കയിലെ ഇന്ത്യൻ വംശജനും ഭാര്യ ജെന്നിഫറും ചേര്‍ന്ന് വൈകല്യമുള്ള, സംസാരിക്കാനാകാത്ത മകൾക്ക് വേണ്ടി ലിഡിയ ആക്സിലേറ്റർ എന്നപേരിൽ ഒരു ഉദ്യമം ആരംഭിച്ചു. നാളെ ഇത്തരത്തിൽ ജനിക്കുന്ന എല്ലാ കുട്ടികളെയും സഹായിക്കാൻ വേണ്ടിയുള്ള സ്റ്റാർട്ടപ്പ് ആയിരുന്നു അത്. അതിനുവേണ്ടിയുള്ള ഓട്ടത്തിനിടയിലാണ് രോഹൻ 2019ൽ പോൾ ഡേവിസൺ എന്ന സുഹൃത്തിനെ കണ്ടുമുട്ടുന്നത്. ഗൂഗിളിൽ ജോലി ചെയ്തിരുന്ന രോഹനും സോഷ്യൽമീഡിയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പോളും ഒത്തുചേര്‍ന്നപ്പോൾ ക്ലബ്ഹൗസ് എന്ന കിടിലൻ ആശയവും പിറന്നു. ഇരുവരുടെയുംആൽഫ എക്സ്പ്ലൊറേഷൻ എന്ന കമ്പനി ക്ലബ് ഹൗസ് ലോഞ്ച് ചെയ്തിട്ട് അധികമൊന്നുമായിട്ടുമില്ല. 2020 മാര്‍ച്ചിൽ ആണിത് ലോഞ്ച് ചെയ്യുന്നത്. ഒരു കോടിയിലധികം ആക്ടീവ് യൂസര്‍മാരാണ് ആപ്പിനുള്ളത്

ക്ലബ് ഹൗസിന്റെ സവിശേഷതകൾ

പൊതുവായ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനും, പാട്ടുകേള്‍ക്കാനും കൂടാതെ ആശയ പ്രകാശനത്തിനും വേദിയൊരുക്കുന്ന ഇടമാണിത്. ചര്‍ച്ച വേദി രൂപീകരിക്കുന്നത് റൂം എന്ന ആശയത്തിലാണ്. ആര്‍ക്കും റൂം തുടങ്ങാം. പരമാവധി 5000 അംഗങ്ങളെവരെയാണ് ഇപ്പോള്‍ ഒരു റൂമില്‍ ഉള്‍പ്പെടുത്താവുക.. സോഷ്യൽ  റൂമുകളില്‍ ആപ്പ് ഉപയോഗിക്കുന്ന ആര്‍ക്കും വന്നു കയറി വിഷയം കേള്‍ക്കാമെന്നതാണ് ഇതിന്റെ സവിശേഷത.

റൂം സംഘടിപ്പിക്കുന്നയാളായിരിക്കും അല്ലെങ്കില്‍ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന ഗ്രൂപ്പോ ആയിരിക്കും ആ റൂമിന്റെ മോഡറേറ്റര്‍മാര്‍. മോഡറേറ്റര്‍ക്ക് റൂമില്‍ സംസാരിക്കേണ്ടവരെ തീരുമാനിക്കാം. ഒരു റൂമില്‍ കയറിയാല്‍ അയാള്‍ക്ക് അവിടെ നടക്കുന്ന എന്ത് സംസാരവും കേള്‍ക്കാം. അഭിപ്രായം പറയണമെങ്കില്‍ കൈ ഉയര്‍ത്താം. അതിന് മോഡറേറ്റര്‍മാര്‍ സമ്മതം നല്‍കിയാല്‍ മൈക്ക് ബട്ടന്‍ ഓണ്‍ ചെയ്ത് സംസാരിക്കാം. ചോദ്യോത്തരങ്ങളും ആകാം.

ഇവിടെ തമ്മിലുള്ള കമ്യൂണിക്കേഷന്‍ സാധ്യമാക്കുന്ന ഏക മാധ്യമം ശബ്ദം മാത്രമാണ് . രണ്ട് പ്രൊഫൈലുകള്‍ തമ്മില്‍ വീഡിയോ, ഇമേജ്, ടെക്സ്റ്റ് ഇവയൊന്നും കൈമാറാന്‍ കഴിയില്ല. മാത്രവുമല്ല റൂം രൂപീകരിച്ചാല്‍ മാത്രമേ മറ്റുള്ളവരുമായി സംസാരിക്കാന്‍ സാധിക്കൂ. അത് പ്രൈവറ്റ് റൂമെങ്കില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കല്ലാതെ മറ്റാർക്കും സംഭാഷണം കേള്‍ക്കാന്‍ കഴിയില്ല. ഓപ്പണ്‍- ആര്‍ക്കും ചേരാവുന്ന രീതിയില്‍, സോഷ്യല്‍- നമ്മള്‍ ഫോളോ ചെയ്യുന്നവര്‍ക്കും അവരുടെ കമ്യൂണിറ്റിക്കും വേണ്ടി, പ്രൈവറ്റ്- തീര്‍ത്തും സ്വകാര്യമായുള്ള ഗ്രൂപ്പ് എന്നിങ്ങനെയാണ് റൂമുകളുള്ളത്.

വിവിധയിടങ്ങളിലുള്ള ആളുകള്‍ക്ക് പരസ്പരം സംസാരിക്കാനും കഥകള്‍‌ പറയാനും ആശയങ്ങള്‍‌ പങ്കുവയ്ക്കാനും ലോകമെമ്ബാടുമുള്ള പുതിയ ആളുകളെ പരിചയപ്പെടാനും ഇതുവഴി സാധിക്കും. എലോണ്‍ മസ്‌ക്, ഓപ്ര വിന്‍ഫ്രി, കാനി വെസ്റ്റ്, ഡെമി ലൊവാറ്റോ, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ ഉപയോഗിച്ച ക്ലൗബ്ഹൗസിന് മാര്‍ച്ച്‌ അവസാനത്തില്‍ 13.4 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് ബിബിസിയുടെ റിപ്പോ‍ര്‍ട്ട്.

2021-ല്‍ ടൈം മാഗസിന്‍ പുറത്തിറക്കിയ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 കമ്ബനികളുടെ പട്ടികയില്‍ ക്ലബ്ഹൗസും ഇടം പിടിച്ചിട്ടുണ്ട്. സ്പോട്ടിഫൈ, ഹൈബി, സാവേജ് എക്സ് ഫെന്റി, ബംബിള്‍, ആപ്പിള്‍ തുടങ്ങിയ കമ്ബനികളോടൊപ്പമാണ് ക്ലബ്ഹൗസും ഈ പട്ടികയില്‍ ഇടം സ്വന്തമാക്കിയത്. ആളുകള്‍ക്ക് ഒന്നിച്ച്‌ ഡിജിറ്റല്‍ റൂമുകളില്‍ ഒത്തുകൂടാനും സാകേതികവിദ്യയും കലയും മുതല്‍ രാഷ്ട്രീയം വരെ ഏത് വിഷയത്തെക്കുറിച്ചും പരസ്പരം സംസാരിക്കാനും സൗകര്യം ഒരുക്കുന്ന ആപ്പ് എന്നാണ് ടൈം മാഗസിന്‍ ക്ലബ്ഹൗസിനെ വിശേഷിപ്പിച്ചത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ക്ലബ് ഹൗസ് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണി പാളും. ക്ലബ് ഹൗസ് വഴി വർഗ്ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നവർ പോലീസിന്റെ പിടിയിലാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.