സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങളുമായി മാവോവാദികൾ

Keralam News

കല്‍പ്പറ്റ: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ലഘുലേഖകള്‍ വിതരണം ചെയ്ത് മാവോവാദികൾ. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമല ആദിവാസി കോളനിയില്‍ നാലംഗ സായുധ സംഘമെത്തി മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തത്. വിഷയത്തിൽ തൊണ്ടര്‍നാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

കട്ടിൽ നിന്നും വന്ന സംഘത്തിൽ രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്‍മാരുമായിരുന്നു ഉണ്ടായിരുന്നത്. ഇവർ കോളനിയിലെ രണ്ട് വീടുകളിൽ കയറി മുദ്രാവാക്യം വിളിക്കുകയും എല്ലാവർക്കും ലഘുലേഖകള്‍ വിതരണം ചെയ്യുകയും പരിസരത്തെ ഇലക്‌ട്രിക് പോസ്റ്റുകളില്‍ ഇവാ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെയുള്ള കടുത്ത വിമർശനമായിരുന്നു ലഘുലേഖകയിലെ ഉള്ളടക്കം. മുഖ്യമന്ത്രി കേരളം കണ്ടിട്ടുള്ള നരഭോജിയാണെന്നും മരണത്തിന്റെ വ്യാപാരിയാണെന്നും തുടങ്ങി മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനങ്ങൾ. സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് ലഖുലേഖകൾ.

മാവോയിസ്റ്റുകളായ ചന്ദ്രു, ജയണ്ണ, സുന്ദരി, ലതി എന്നിവരാണ് ഇന്നലെ ലഖുലേഖകൾ വിതരണം ചെയ്തെന്നാണ് പോലീസിന് കിട്ടിയ സൂചന. പൊലീസ്, തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ ഇന്നലെ രാവിലെ സ്ഥലത്തെത്തി കോളനി നിവാസികളിൽ നിന്ന് വിവരങ്ങള്‍ അന്വേക്ഷിച്ചതിനു ശേഷം കേസെടുത്ത് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.