കുറുവാ സംഘം കേരളത്തിൽ; അതീവ ജാഗ്രത നിർദേശവുമായി പൊലീസ്

Crime Keralam News

പാലക്കാട്: തമിഴ്‌നാട് താവളമാക്കി പ്രവര്‍ത്തിക്കുന്ന അപകടകാരികളായ കുറുവാ സംഘം കേരളത്തിലേക്ക് കടന്നതായി പൊലീസിനു സൂചന ലഭിച്ചു. എഴുപത്തിയഞ്ചോളം പേര്‍ അടങ്ങുന്ന വലിയ സംഘമാണ് പാലക്കാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് പ്രവേശിച്ചിരിക്കുന്നതായി സൂചനയെന്നും ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

പകല്‍ നേരത്ത് ആക്രിസാധനങ്ങളും പെറുക്കി വില്‍ക്കുന്നവരുടെ വേഷത്തിലെത്തി വീടും പരിസരവും കൃത്യമായി പഠിച്ച ശേഷം രാത്രിയിലാണ് ഈ സംഘം കവർച്ച നടത്തുക. നല്ല കായികശേഷിയുള്ള ആളുകളായതിനാൽ എതിര്‍ക്കുന്നവരെ ഉപദ്രവിച്ചേക്കുമെന്നും പൊലീസ് പറയുന്നു. കവര്‍ച്ചയ്ക്ക് ശേഷം തിരുനേല്‍വേലി, മധുര തുടങ്ങിയ സ്ഥലങ്ങളിൽ ഒളിക്കുന്നതാണ് ഇവരുടെ പതിവ്. കൃത്യമായി ഒരു സ്ഥലം താവളമാക്കാറില്ല.

മോഷണത്തിന് ശേഷം ആളില്ലാത്ത പറമ്പിലോ കുറ്റിക്കാടുകളിലോ പാലങ്ങള്‍ക്കടിയിലോ ആണ് ഇവർ താമസിക്കുക. സംസ്ഥാന അതിര്‍ത്തികളില്‍ അസാധാരണമായി അപരിചിതരെ കാണുകയാണെങ്കില്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.