ബാങ്ക് അക്കൗണ്ട് ഉള്ളവരെ ലക്ഷ്യം വെച്ച് ചൈനീസ് സൈബർ ആക്രമണം: സൂക്ഷിച്ചില്ലേൽ പണം പോകുന്ന വഴി അറിയില്ല

Breaking News

ചൈനീസ് സൈബർ ആക്രമണം എസ്ബിഐ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത് ഇതിലൂടെ അക്കൗണ്ട് ഉടമകളിൽ നിന്നും പണം തട്ടാനുള്ള സാധ്യതയാണ് കാണുന്നത് എന്നാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങൾ കുറച്ച് മാസങ്ങളായി സംഭവിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നൊ യുവർ കസ്റ്റമർ എന്ന ഫോം അപ്ഡേറ്റ് ചെയ്യണം എന്ന സന്ദേശമായിരിക്കും ഉപഭോക്താക്കൾക്ക് കിട്ടുക.

ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന ഓട്ടോബോട്ട് ഇൻഫോസെക്, സൈബർപീസ് ഫൗണ്ടേഷൻ തുടങ്ങിയ കമ്പനികളുടെ പഠനത്തിൽ പറയുന്നത് ഇവർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയാണ് ഉപഭോക്താക്കൾ തട്ടിപ്പിലേക്ക് വീഴുന്നത്. സാങ്കേതിക വിദ്യയോട് അധികം പരിജ്ഞാനം ഇല്ലാത്ത ഉപഭോക്താക്കളാണ് കൂടുതലും ഇവരുടെ വലയിൽ വീഴുന്നത്.

ആദ്യം ഒരു ടെക്സ്റ്റ് മെസ്സേജായിരിക്കും തട്ടിപ്പിനിരയാവുന്നവർക്ക് കിട്ടുന്നത്. അത് ക്ലിക്ക് ചെയ്യുന്നതോടെ എസ്ബിഐയുടേത് പോലെത്തന്നെ ഒരു വ്യാജ പേജിലേക്കെത്തും. പിന്നീട് കണ്ടിന്യൂ ടു ലോഗിൻ എന്ന് കാണിക്കുകയും അതിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി പേജ് റീ ഡയറക്റ്റ് ചെയ്യുന്നതും കാണും. അടുത്ത ആവശ്യം യൂസർനെയിം, പാസ്സ്‌വേർഡ്, ക്യാപ്ച കോഡ് എന്നിവയാണ്. തുടർന്ന് ഫോൺ നമ്പറിലേക്ക് ഒരു ഒടിടി. അത് കഴിഞ്ഞ പിന്നെ സ്വകാര്യ വിവരങ്ങളായ പേര്, മൊബൈൽ നമ്പർ, ജനന തിയതി ആവശ്യപ്പെടും. ഇതിനു ശേഷമാണ് പണം നഷ്ടപെട്ടതായുള്ള മെസ്സേജ് വരുക എന്നാണു ഐഎഎൻഎസ് വാർത്താ ഏജൻസി പറയുന്നത്.

അത് മാത്രമല്ലാതെ 50 ലക്ഷം വരെ നേടാമെന്ന് പറഞ്ഞു സമ്മാന വാഗ്‌ദാനങ്ങൾ നൽകികൊണ്ടുള്ള വാട്സ് ആപ്പ് സന്ദേശവും പ്രചരിക്കുന്നുണ്ട്. ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരും തട്ടിപ്പിൽ വീണു പോകുന്നുണ്ട്. ഇതിന്റെ ഡൊമെയ്‌നുകൾ ചൈന രജിസ്‌ട്രേഷൻ കാണിക്കുന്നതാണ് അതുകൊണ്ടുതന്നെ ചൈനീസ് ഹാക്കറാണ് ഇതിനു പിന്നിൽ എന്നാണ് കരുതുന്നത്. ഇത്തരം ലിങ്കുകൾ വരുകയാണെങ്കിൽ അത് ക്ലിക്ക് ചെയ്യരുതെന്നു ടെക് വിദഗ്ധർ പറയുന്നു.