സുപ്രീംകോടതിയിലെ പുതിയ ജഡ്ജിമാരുടെ ശുപാർശ കേന്ദ്രം അംഗീകരിച്ചു

India News

ദില്ലി: സുപ്രീംകോടതിയിലേക്കുള്ള ഒൻപത് പുതിയ ജഡ്ജിമാരുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു കൊടുത്തു. മൂന്ന് വനിതാ ജഡ്ജിമാർ ഉൾപ്പെടെയുള്ള ഒൻപത് പേരുടെ കൊളീജിയമാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി വനിത ചീഫ് ജസ്റ്റിസിനെ ലഭിക്കും.

കർണാടകയിൽ നിന്നുള്ള ജസ്റ്റിസ് ബി വി നാഗരത്നയാകും 2027ല്‍ ആദ്യത്തെ വനിത ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുക. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ബേല തൃവേദി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഹിമ കോലി തുടങ്ങിയവരാണ് പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് വനിതാ ജഡ്ജിമാര്‍. സീനിയര്‍ അഭിഭാഷകന പി എസ് നരസിംഹയും അംഗീകാരത്തിനായി നൽകിയ പട്ടികയിലുണ്ടായിരുന്നു.

കേരള ഹൈക്കോടതി ജസ്റ്റിസായ സി ടി രവികുമാര്‍, സിക്കിംഗ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജെ കെ മഹേശ്വരി, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായ അശോക് ഓഖ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായ വിക്രംനാഥ് തുടങ്ങിയവരാണ് സുപ്രീം കോടതിയിലേക്ക് വരുന്ന പുതുമുഖങ്ങൾ. ഔദ്യോഗികമായി വിരമിക്കുവാൻ മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ജസ്റ്റിസ് ഹിമ കോലിയെ സുപ്രീംകോടതിയിലെ ജഡ്‌ജായി നിയമിക്കുന്നത്.