വി എം സുധീരന്റെ രാജി; പരാതി എന്തെന്നറിയില്ലെന്ന് സുധാകരൻ, നിർഭാഗ്യകരമെന്ന് ഉമ്മൻ ചാണ്ടി

Keralam News Politics

കൊല്ലം: വി എം സുധീരന്റെ രാജിയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും, മുൻ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും. എന്താണ് സുധീരന്റെ പരാതിയെന്നറിയില്ല. അദ്ദേഹത്തിന്റെ രാജിക്കത്ത് കെപിസിസിക്ക് നൽകിയിട്ടുണ്ട്. അതിന്റെ ഉള്ളടക്കം എന്താണെന്ന് അറിയില്ല. നാളെ ഈ കത്ത് പരിശോധിക്കുകയുള്ളൂ. പക്ഷെ രാജി വെച്ചത് തങ്ങളുടെ ഭാഗത്തുള്ള പിഴവായി തോന്നുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി.

സുധീരന്റെ രാജി നിർഭാഗ്യകരമാണെന്നും, അതൊരു തെറ്റായ നടപടിയാണെന്നും ഉമ്മൻ ചാണ്ടി രാജിയെ കുറിച്ച് പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതിയിൽ സുധീരന്റെ സാന്നിധ്യം ആവശ്യമായിരുന്നെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി പുനഃസംഘടന സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. വിഎം സുധീരനുമായി രണ്ട് തവണ ഫോണിലൂടെ സംസാരിക്കുകയും നേരിട്ട് പോയി കാണുകയും ചെയ്തിരുന്നു. പല നേതാക്കളും ചർച്ചകളിൽ പങ്കെടുക്കാത്തത് പ്രശ്നമാണെങ്കിലും കൂടിയാലോചനകൾ പാർട്ടിയിലും നടക്കാറുണ്ട്. പാർട്ടിയിൽ മുൻപ് നടന്നത് പോലെ ഏക ഛത്രപതി ഭരണം ഇനിയുണ്ടാകില്ല. ഘടനമാറ്റത്തെ ഒരു പാർട്ടി പ്രവർത്തകരും എതിർത്തിട്ടില്ല, അത്രത്തോളം അവർ നെഞ്ചേറ്റി കഴിഞ്ഞിട്ടുണ്ട്. പുനഃസംഘടനയിലേക്ക് നേതാക്കൾക്ക് ആരെ വേണമെങ്കിലും നിർദേശിക്കാം. ഗ്രൂപ്പല്ല പ്രധാനം, അതുകൊണ്ട് തന്നെ കഴിവുള്ള ആളുകളെ തിരഞ്ഞെടുക്കുമെന്നും സുധാകരൻ വിശദമാക്കി.