സംസ്ഥാനത്ത് ഗുരുതര രോഗികള്‍ക്കുള്ള ഐസിയുകളിലും വെന്റിലേറ്ററുകളിലും അഭാവം

Health Keralam News

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം അധികമായ സാഹചര്യത്തിൽ ഗുരുതര രോഗികള്‍ക്കു ലഭ്യമാക്കേണ്ട ചികിത്സാ സൗകര്യങ്ങളില്‍ അഭാവം. സംസ്ഥാനത്തെ അഞ്ചു ജില്ലകളിലുള്ള സർക്കാർ ആശുപത്രികളിൽ മിച്ചമുള്ള ഐസിയുവുകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം പത്തിലും താഴെയാണ്. തൃശ്ശൂരിലെയും കൊല്ലത്തെയും സർക്കാർ ആശുപത്രികളിൽ ഒരു വെന്റിലേറ്റര്‍ പോലും ലഭ്യമല്ല. വാക്സിൻ നൽകുന്നതിനാൽ ഗുരുതര രോഗികള്‍ കുറവാണെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും മരണനിരക്ക് ഇപ്പോഴും ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇന്നലെ കേരളത്തിലെ കോവിഡ് കേസുകൾ 30,000 കടന്നിരുന്നു. പക്ഷെ 101 ഐസിയു കിടക്കകൾ ഉണ്ടായിരുന്ന തൃശൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നിലവിൽ മൂന്നെണ്ണമേ ഒഴിവുള്ളു. 94 കിടക്കകൾ ഉണ്ടായിരുന്ന കൊല്ലത്ത് ഒന്നുപോലും ഒഴിവില്ല. 41 കിടക്കകൾ ഉണ്ടായിരുന്ന ഇടുക്കിയിലും മൂന്നെണ്ണമേ ഒഴിവുള്ളു.കാസര്‍ഗോഡ് 52 കിടക്കയുടെ സ്ഥാനത്ത് നാലെണ്ണവും, കോട്ടയത്ത് 64 ൽ ഏഴെണ്ണവും കണ്ണൂരിൽ 118 കിടക്കകളിൽ പത്തെണ്ണവും മലപ്പുറത്തെ 99 കിടക്കകളിൽ പന്ത്രണ്ടെണ്ണവും മാത്രമേ ഒഴിവുള്ളു.

വെന്റിലേറ്ററിന്റെ കാര്യത്തിൽ കൊല്ലത്തും തൃശ്ശൂരും ഒന്നുപോലുമില്ല. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മലപ്പുറത്ത് അഞ്ചും, എറണാകുളത്ത് ഒൻപതും വെന്റിലേറ്ററുകളാണ് ഇനിയുള്ളത്. സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 1425 ഐസിയുവുകളിൽ 329 എണ്ണവും 984 വെന്റിലേറ്ററുകളിൽ 323 എണ്ണവും മാത്രമേ ഒഴിവുള്ളു. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഇപ്പോഴും ആവശ്യത്തിന് സൗകര്യങ്ങളുണ്ട്.