മലയാളികള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രപോകുന്ന സ്ഥലം ആലപ്പുഴ..കാരണവും കണക്കുകളും ഇങ്ങിനെ..

Entertainment Food & Travel Keralam

ആലപ്പുഴ: മലയാളികള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രപോകുന്ന സ്ഥലം ആലപ്പുഴ ജില്ലയാണെന്ന് കണക്കുകള്‍. ആലപ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഒരു ലക്ഷത്തോളംപേര്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം കേരളം റെക്കോഡ് വളര്‍ച്ച നേടിയപ്പോള്‍ ആലപ്പുഴ ജില്ലയ്ക്കും മികച്ച നേട്ടമാണുണ്ടായത്. . കോവിഡിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 92,958 പേരുടെ വര്‍ധനയാണ് 2022ല്‍ ഉണ്ടായത്. 2019ല്‍ 6,77,958 സഞ്ചാരികളാണ് എത്തിയത്. 2022ല്‍ 7,70,916 ആയി. ആലപ്പുഴയിലെ ടൂറിസം വളര്‍ച്ചയ്ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രത്യേക ശ്രദ്ധയ്ക്കൊപ്പം മറ്റ് വകുപ്പുകളും വിവിധ പദ്ധതികളുമായെത്തിയത് ഗുണമായി. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സ്വീകരിച്ച നടപടികളെല്ലാം വിജയിച്ചതിന്റെ തെളിവുകൂടിയാണിത്.2020ല്‍ ആഭ്യന്തര സഞ്ചാരികള്‍ 2,07,507 ഉം വിദേശികള്‍ 46,629 ഉം ആയിരുന്നു. 2021ല്‍ യഥാക്രമം 3,53,921 ഉം 777 ഉം ആയി. 2017ല്‍ 4,33,456 ഉം 75,037 ഉം 2018ല്‍ 5,11,490 ഉം 95,522 ഉം ആയിരുന്നു. 2019ല്‍ എത്തിയ വിദേശസഞ്ചാരികളുടെ എണ്ണം 1,16,228 ആണ്. 2020-21 വര്‍ഷങ്ങളില്‍ ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തായിരുന്നു ആലപ്പുഴ. കോവിഡില്‍ മുടങ്ങിയ വള്ളംകളി പുനരാരംഭിച്ചത് പ്രധാന നേട്ടമാണ്. അല്‍പ്പം വൈകിയാണെങ്കിലും 2022ല്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) നടത്തിയത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രമഫലമായാണ്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വലിയഴീക്കല്‍ പാലം തുറന്നു. ആലപ്പുഴ പൈതൃക പദ്ധതിയില്‍ പുരാതന കെട്ടിടങ്ങള്‍ നവീകരിച്ചത്, ആലപ്പുഴ ബിനാലേ ‘ലോകമേ തറവാട്’, കടല്‍ക്കാഴ്ചകള്‍ കാണാവുന്ന ആലപ്പുഴ ബൈപാസ് തുറന്നത്, റോഡുകളുടെ നവീകരണം, ആലപ്പുഴ ബീച്ചില്‍ സ്ഥാപിച്ച പഴയ യുദ്ധക്കപ്പല്‍ തുടങ്ങിയവയും സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ആലപ്പുഴയില്‍ സഞ്ചാരികളുടെ തിരക്കേറെ. ജലഗതാഗതവകുപ്പ് ടൂറിസത്തില്‍ ഊന്നല്‍ നല്‍കി കൂടുതല്‍ ബോട്ടുകള്‍ ഓടിച്ചത് കായല്‍ക്കാഴ്ചകള്‍ ആസ്വദിക്കുന്നവരെ ആകര്‍ഷിച്ചു. അതിവേഗ എസി ബോട്ട് വേഗ -2, സീ കുട്ടനാട്, മുഹമ്മയില്‍ വാട്ടര്‍ ടാക്സി എന്നിവയും ഹിറ്റായി. കുറഞ്ഞ ചെലവില്‍ കായല്‍ക്കാഴ്ച കണ്ട് ജലയാത്ര നടത്താവുന്ന പദ്ധതികള്‍ ഇക്കുറിയും സംസ്ഥാന ബജറ്റിലുണ്ട്. കൂടുതല്‍ ടൂറിസം ബോട്ടുകള്‍ ഓടിക്കാനുള്ള നിര്‍ദേശവും വിനോദസഞ്ചാര മേഖലയ്ക്ക് ഗുണമാവും.കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പ്രവര്‍ത്തനവും സഞ്ചാരികള്‍ വര്‍ധിക്കുന്നതിന് കാരണമായി. മറ്റ് സ്ഥലങ്ങളില്‍നിന്ന് നിരവധി സഞ്ചാരികളെയാണ് ഇങ്ങോട്ട് ആകര്‍ഷിച്ചത്. കെഎസ്ആര്‍ടിസി ട്രിപ്പില്‍ പുരവഞ്ചി-ബോട്ടുയാത്ര കൂടി ഉള്‍പ്പെടുത്തി ‘കെഎസ്ആര്‍ടിസി ക്രൂയിസ് ലൈന്‍’ തുടങ്ങുന്നതും ആലപ്പുഴയുടെ കുതിപ്പിന് കരുത്ത് പകരും.