സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Keralam News

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെ നീണ്ട് നിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ ഇപ്പോഴും മഴ തുടരുന്നത്. കുറച്ച് നാളുകളായി പെയ്യുന്ന മഴ ഇനിയും അഞ്ച് ദിവസം നീണ്ടേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. മലയോര മേഖലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. അതോടൊപ്പം ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങളും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.