വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

India News

ഹൈദരാബാദ് : രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് വീണ്ടും അപകടം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ വീട്ടിനുള്ളിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 80കാരന് ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽ രാമസ്വാമി എന്നയാളാണ് മരിച്ചത്. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച മകൻ പ്രകാശ്, ഭാര്യ കമലമ്മ, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു.

ഒരു വർഷമായി ഇവി സ്കൂട്ടർ ഉപയോഗിക്കുന്നയാളാണ് പ്രകാശ്. പ്യുവർ ഇവി നിർമ്മാതാവിനെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സർക്കാർ ഇലക്ടിക് വാഹനങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കുന്ന സമയത്താണ് ഇവി വാഹനങ്ങളെക്കുറിച്ച് വലിയ ആശങ്ക ഉയരുന്നത്. നിരവധി അപകടങ്ങളാണ് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.