കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ആദ്യ പത്ത് ദിവസം കൊണ്ട് നേടിയത് 61 ലക്ഷം രൂപ വരുമാനം

Keralam News

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടയിലും കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് താരമാവുകയാണ്. ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകള്‍ വരുമാനമായി നേടിയത്. സ്വിഫ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ ലഭിക്കുന്നതോടെ വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ വിലയിരുത്തുന്നത്. എന്നാൽ ഉദ്ഘാടനം മുതല്‍ പത്തോളം അപകടങ്ങള്‍ സ്വിഫ്റ്റ് ബസുകളുണ്ടാക്കിയത് ഏറെ ചര്‍ച്ചകൾക്ക് വഴി വെച്ചിരുന്നു.

വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകള്‍ യാത്രക്കാരെ ആകര്‍ഷിച്ചെന്നാണ് റിപ്പോർട്ടുകൾ. പെര്‍മിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സര്‍വീസിനിറക്കിയത്. ബസുകളുടെ എണ്ണം കുറവാണെങ്കിലും പ്രതിദിന ശരാശരി ആറ് ലക്ഷം രൂപയിലധികമാണ്. എട്ട് എ സി സ്ലീപര്‍ ബസുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഈ ബസുകള്‍ മാത്രം നേടിയത് 28 ലക്ഷത്തിലധികം രൂപയാണ്. 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസുകളില്‍ നൂറെണ്ണത്തിന്റെ രജിസ്‌ട്രേഷനും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.