നാലു ക്യാപ്‌സൂള്‍ സ്വര്‍ണം മലാശയത്തില്‍ കടത്താന്‍ ശ്രമം.കസ്റ്റംസിനെ വെട്ടിച്ചു കടന്ന 30കാരന്‍ പോലീസ് പിടിയില്‍

Breaking Crime Keralam Local News

മലപ്പുറം: നാലു ക്യാപ്‌സൂള്‍ സ്വര്‍ണം മലാശയത്തില്‍ കടത്താന്‍ ശ്രമം. കസ്റ്റംസിനെ വെട്ടിച്ചു കടന്ന 30കാരന്‍
കരിപ്പൂരില്‍ പോലീസിന്റെ പിടിയില്‍. 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍(30) ആണ് പിടിയിലായത്.
അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴികൊണ്ടുവന്ന 1253 ഗ്രാം സ്വര്‍ണ്ണമാണു വിമാനത്തവളത്തിനു പുറത്ത് വെച്ച് പോലീസ് പിടികൂടിയത്.
1253 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ നാലു കാപ്‌സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ അബൂദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്തവളത്തിലെത്തിയത്. പരിശോധനയെല്ലാം അതിജീവിച്ച് പുറത്തിറങ്ങിയ ഷിജിലിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എക്സറെ പരിശോധനയിലാണ് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ കാപ്‌സ്യൂളുകള്‍ ദൃശ്യമായത്. ഷിജിലിനെ ചോദ്യം ചെയ്തതില്‍ നിന്നും സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നു പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന 13-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.