ഉപതിരഞ്ഞെടുപ്പ് ; പ്രചാരണ പരിപാടികളിൽ സജീവമായി മുന്നണികൾ

Keralam News Politics

പൂക്കോട്ടൂർ : മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചരണ പരിപടികളില്‍ സജീവമായി മുന്നണികള്‍. പൂക്കോട്ടൂർ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പതിനാലാം വാർഡിൽ സംഘടിപ്പിച്ച കുടുംബ സംഗമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്‌ഘാടനം ചെയ്തു.

ജനദ്രോഹ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ സാധാരണക്കാരന്റെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള സുവർണാവസരമാണ് ഉപതെരെഞ്ഞെടുപ്പുകളെന്ന് നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കുന്ന നടപടിയിൽ നിന്ന് നാമ മാത്രമായെങ്കിലും കേന്ദ്ര സർക്കാർ പുറകോട്ട് പോയത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ അവർക്ക് കിട്ടിയ തിരിച്ചടിയാണെന്നും കേരളം ഭരിക്കുന്ന പിണറായി വിജയൻറെ നിലപാടുകൾക്കും ജനവിരുദ്ധ നയങ്ങൾക്കും സാധാരണക്കാരന്റെ ഭാഗത്തു നിന്ന് ശക്തമായ താക്കീത് നല്കാൻ കിട്ടുന്ന അവസരങ്ങളാണ് ഉപതെരഞ്ഞെടുപ്പുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ പി.എ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സലീന ടീച്ചർ, സ്ഥാനാർഥി എം. സത്താർ എന്നിവർ പങ്കെടുത്തു.