ചരിത്രം വഴിമാറി: ബ്രസീലിനെ വീഴ്ത്തി കപ്പ് ഉയര്‍ത്തി മെസ്സിയും കൂട്ടരും

Breaking News Sports

ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക അര്‍ജന്റീന ബ്രസീല്‍ സ്വപ്ന ഫൈനല്‍ അവസാനിക്കുമ്പോള്‍ കപ്പ് ഉയര്‍ത്തിയത് ലയണല്‍ മെസ്സിയും കൂട്ടരും. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ 1-0 എന്ന സ്‌കോറിന് വീഴ്ത്തിയാണ് അര്‍ജന്റീന വിജയമുറപ്പിച്ചത്.

കളിയുടെ 22 ാം മിനുറ്റില്‍ അര്‍ജന്റീന ആരാധകരെ ആവേശത്തിലാഴ്ത്തി അര്‍ജന്റീനയടെ ആദ്യ ഗോള്‍ പിറന്നു. എയ്ഞ്ചല്‍ ഡി മരിയയുടെ ആ ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. 35 മീറ്റര്‍ അകലെ നിന്നും ഡീ പോള്‍ നീട്ടി നല്‍കിയ ആ പന്ത് പിടിച്ചെടുത്ത് ബ്രസീലിയന്‍ കീപ്പര്‍ എഡേഴ്‌സിന് മുകളിലൂടെ വലയിലേക്ക് എത്തിക്കുകയായിരുന്നു.

പിന്നീടങ്ങോട്ട് എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസ്സിയും ചേര്‍ന്നുള്ള നീക്കങ്ങളായിരുന്നു. കളിയുടെ ആവേശം കൂടുന്നതനുസരിച്ച് ഫൗള്‍ വിസിലുകളും ഇടക്കിടെ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. കൂടുതല്‍ ഫൗള്‍ ബ്രസീലിന് തന്നെയായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമണത്തില്‍ ഇഞ്ചോടിഞ്ച് നിന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ കളി പുറത്തെടുത്തെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധം അവസാനം വരെ ഉറച്ച് നിന്നു.

കളിയുടെ അവസാനത്തില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ നഷ്ടമായി. ഗോളിക്ക് തൊട്ടുമുന്നില്‍ നില്‍ക്കെ മെസ്സി അവിശ്വസനീയമായൊരു അവസരം നഷ്ടമാക്കിയപ്പോള്‍ ബ്രസീലിന്റെ ഗാബിയുടെ തകര്‍പ്പന്‍ ഷോട്ട് അര്‍ജന്റീന ഗോളി തട്ടിക്കയറ്റി. എന്നിരുന്നാലും അര്‍ജന്റീന താരം മെസ്സിയും ബ്രസീലിയന്‍ താരം നെയ്മറും തമ്മിലുള്ള പോരാട്ടമാണ് മത്സരത്തിലുടനീളം ഹൈലൈറ്റ് ചെയ്ത് നിന്നത്.

84 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ബ്രസീലിനെതിരെ ഒരു ഫൈനല്‍ ജയിക്കുന്നത്. 1993 ന് ശേഷം ഇതാദ്യമായാണ് കോപ്പ അമേരിക്കയില്‍ അര്‍ജന്റീന കിരീടം നേടുന്നത്. 13 വര്‍ഷത്തെ വിജയത്തിന് ശേഷമാണ് ബ്രസീല്‍ ഫൈനലില്‍ എത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വളരെ കുറച്ച് കാണികള്‍ക്ക് മാത്രമേ പ്രവേശന അനുമതി ഉണ്ടായിരുന്നുള്ളൂ.