വിസ്മയയുടെ മരണം ബാക്കിവെക്കുന്നത്

Feature Writers Blog

നസ്‌റീന തങ്കയത്തില്‍

വിസ്മയയുടെ സ്വയംഹത്യയ്ക്ക് ശേഷം കേരളത്തില്‍ സമാന പ്രായക്കാരായ പെണ്‍കുട്ടികളുടെ ആത്മഹത്യാനിരക്ക് കൂടിയിരിക്കുന്നു. എത്രയെത്ര പെണ്‍കുട്ടികളാണ് ആത്മഹത്യാകുറിപ്പുകള്‍ ബാക്കിവെച്ച് ജീവിതമവസാനിപ്പിച്ചത് . ഗാര്‍ഹിക പീഡനവും സ്ത്രീധന സംബന്ധ്മായ വിഷയങ്ങളും ഭര്‍തൃ ഗൃഹത്തിലെ സംഘര്ഷങ്ങളുമൊക്കെത്തന്നെയാണ് മരണത്തിന്റെ പ്രത്യക്ഷമായ കാരണങ്ങള്‍. അതില്‍ തര്‍ക്കമൊന്നുമില്ല . പക്ഷെ വിസ്മയയുടെ മരണവും അതിന് കിട്ടിയ പബ്ലിസിറ്റിയും മരണാനന്തരം താനുമൊരു സെലിബ്രറ്റിയാവും എന്ന മിഥ്യാധാരണയുമാണോ ഇത്തരം ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയതെന്ന കാര്യം കാര്യമായിത്തന്നെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.വിസ്മയയുടെ മരണം എല്ലാത്തരം മാധ്യമങ്ങളും ആഘോഷമാക്കുകയാണ് ചെയ്തത്. അത് കുട്ടികള്‍ക്കിടയില്‍ നെഗറ്റിവ് ഇന്‍ഫ്‌ലുവെന്‍സ് ഉണ്ടാക്കിയെന്നത് തീര്‍ച്ചയാണ് .

സ്ത്രീധന നിരോധന നിയമൊക്കെ നിലവില്‍ വന്നിട്ട് എത്രയോ വര്ഷങ്ങളായി. എന്നിട്ടും ഒരു അലിഖിത നിയമം പോലെ ആളുകള്‍ അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു . കൂടുതകള്‍ പണമുള്ളവര്‍ തന്റെ പണക്കൊഴുപ്പ് കാണിക്കാനും ഇല്ലാത്തവര്‍ ഒരു നാട്ടുനടപ്പിന്റെ പേരിലും ഇതിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ തുടര്‍ച്ചയായി കൂടുതല്‍ വിസ്മയമാര്‍ സൃഷ്ടിക്കപ്പെടുന്നു .

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിനൊപ്പം തന്നെ മനക്കരുത്തും കൂടി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തണം . അതിന് അവരെ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കള്‍ കൂടി അടങ്ങുന്ന സമൂഹമാണ്. വിവാഹമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്നും കല്യാണം കഴിയുന്നത് വരെ വെറുതെ ഇരിക്കാതിരിക്കാന്‍ വേണ്ടി മാത്രം പഠിക്കണമെന്നും അല്ലെങ്കില്‍ നല്ലൊരു ബന്ധം ലഭിക്കുന്ന തരത്തിലുള്ള പഠനം എന്നൊക്കെ ചിന്തിക്കുന്ന എത്രയോ പേര് നമുക്കിടയിലുണ്ട്. തനിക്ക് പറ്റാത്തൊരു വിവാഹ ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോരാനുള്ള ധൈര്യമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടത് . അതിനു അത്യാവശ്യമായി വേണ്ടത് സ്വന്തമായി ഒരു തൊഴിലുണ്ടായിരിക്കുകയെന്നതാണ് . പഠനത്തിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ജോലിക്ക് തന്നെ നല്‍കണം.

മരിക്കാന്‍ കാണിക്കുന്ന ധൈര്യത്തിന്റെ പകുതി മതി ജീവിച്ചു കാണിക്കാനെന്ന സന്ദേശം ആരും നല്‍കാത്തതെന്താണ്. എന്തുകൊണ്ടാണ് എനിക്കിവിടം മടുത്തുവെന്ന് പ്രിയ പുത്രി പറയുമ്പോള്‍ ഇങ്ങോ ട്ട് പോരൂ എന്ന് മാതാപിതാക്കള്‍ പറയാന്‍ മടിക്കുന്നത് . എന്തുകൊണ്ടാണ് എന്റെ ഭാര്യ എന്നെപ്പോലെതന്നെ ഒരു മനുഷ്യജീവിയാണെന്നും അവള്‍ക്കും അവളുടേതായ സ്വപ്നങ്ങളും മരുമകളെന്ന് ഭര്‍തൃ വീട്ടുകാര്‍ മനസ്സിലാക്കാത്തത് .എന്ത്കൊണ്ടാണ് താനര്‍ഹിക്കുന്ന സ്ഥാനം ഭര്‍ത്താവിന്റെ അടുക്കല്‍ നിന്നും കിട്ടുന്നില്ല എന്നറിഞ്ഞിട്ടും പെണ്‍കുട്ടികള്‍ അവിടെത്തന്നെ കടിച്ചുതൂങ്ങി നില്‍ക്കുന്നത്. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം ഒന്നേയുള്ളൂ. നമ്മുടെ ജീവിതം നമ്മുടെ മാത്രമാണ്. അത് ആഘോഷമാക്കേണ്ടത് പൊരുതിയാണ് . ഒരു തുണ്ടു കടലാസില്‍ എഴുതിവെക്കുന്ന നാലക്ഷരങ്ങളാവരുത് ഒരു പെണ്‍കുട്ടിയുടെയും ജീവിതത്തിന്റെ ആകെകെത്തുക.

അവരെന്ത് വിചാരിക്കുമെന്ന ചിന്ത മാറ്റിയിട്ട് എനിക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കണം . അതിന് കഠിനമായി പ്രയത്‌നിക്കണം. വിവാഹമോചിതരായ ആളുകള്‍ കൂടുതല്‍ ആക്റ്റീവ് ആകുന്നത് ഇപ്പോള്‍ കണ്ടുവരുന്ന നല്ലൊരു ട്രെന്‍ഡാണ് . മഞ്ജുവാര്യരും അമൃത സുരേഷുമൊക്കെ നല്‍കുന്ന പാഠങ്ങള്‍ അത്രത്തോളം വിലപ്പെട്ടതാണ്. കുറേക്കാലം കൂട്ടിനുള്ളിലകപ്പെടുകയും നിത്യ പരിശ്രമത്തിലൂടെ കൂടുതുറന്ന് സ്വാതന്ത്ര്യത്തിന്റെ മധുരം നുണയുന്നതും ഇവര്‍ കാണിച്ചുതരുന്നു . സ്വയം പ്രകാശമാവാനും മറ്റുള്ളവര്‍ക്ക് വെളിച്ചമാവാനും പെണ്കുഞ്ഞുങ്ങള്‍ക്ക് കഴിയട്ടെ. അതിനുള്ള കരുത്ത് ഈ കെട്ടകാലത്തും ആര്‍ജിക്കാന്‍ കഴിയട്ടെ .