പകയല്ല… വേണ്ടത് പനിനീര്‍പ്പൂവ് പോലുള്ള പുഞ്ചിരി

Feature Keralam Writers Blog
''ക്ഷമയോടെ കാത്തിരിക്കുക എല്ലാം ശരിയായ നിമിഷത്തില്‍ നിങ്ങള്‍ക്ക് ലഭിച്ചിരിക്കും: ശ്രീബുദ്ധന്‍''                           

ജീവിതം ഒന്നേയുള്ളൂ. അഗാധമായ പ്രണയത്തിനോ, സ്‌നേഹത്തിനോ, പകയ്ക്കോ അതിനെ വിട്ടു കൊടുക്കാതിരിക്കുക. കാരണം എല്ലാം ഒരു അളവില്‍ കൂടുതല്‍ ആയാല്‍ അത് നമ്മുടെ ചിന്താ ശേഷിയെ വരെ ഇല്ലാതെയാക്കും. ആദ്യം ഇതിനു വിള്ളല്‍ വീഴുമ്പോള്‍ കടുത്ത വേദനയിലാകും. പിന്നെ അത് തിരിച്ചു പിടിക്കാനുളള നെട്ടോട്ടവും തുടങ്ങും. അവസാനം ലഭിച്ചില്ലെങ്കില്‍ ജീവിതംവരെ അവസാനിപ്പിക്കാമെന്ന് അവസ്ഥയിലേക്കെത്തും.

സാക്ഷരകേരളത്തിലും സമാന വാര്‍ത്തകള്‍ ഈയിടെ ഒരുപാടുണ്ടായി. സ്ത്രീധനത്തിന്റെ പേരില്‍, പ്രണയത്തിന്റെ പേരില്‍, കുടുംബ കലഹത്തിന്റെ പേരില്‍, അവിഹിത ബന്ധങ്ങളുടെ പേരില്‍, എല്ലാം മനുഷ്യന്‍ മനുഷ്യനെ വെറുക്കുന്ന അവസ്ഥ.. എന്തിനാണിത്? ഒന്ന് ശാന്തമായി ചിന്തിച്ചാല്‍, മാനസികമായി ഇതിനെ മറികടക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഏവര്‍ക്കും ഉള്ളൂ.

മനസ്സാണ് നമ്മുടെ ശത്രു. എന്നാല്‍ മനസ്സ് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ മിത്രവും.. ആ മിത്രത്തെ കൂട്ടുപിടിച്ച് നമ്മള്‍ മുന്നേറണം. ജീവിതം ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല എന്ന ഉത്തമ ബോധ്യം ഉണ്ടാകണം. ജീവിതത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കണം. ഈ ലോകത്തില്‍ മനുഷ്യനായിട്ട് ജനിക്കുവാന്‍ ഒരു ശക്തി നമുക്ക് അവസരം തന്നിട്ടുണ്ടെങ്കില്‍ ആ അവസരം നന്നായി വിനിയോഗിക്കുക എന്നതാണ് നമ്മുടെ കര്‍മ്മം എന്ന ബോധ്യമുണ്ടാകണം.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ നമ്മളെല്ലാവരും കേട്ട വാര്‍ത്ത വളരെ ഭയപ്പെടുത്തുന്നതും അതിലുപരി അവിശ്വസനീയമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ടുപേര്‍. സുഹൃത്ത് ബന്ധമോ, പ്രണയമോ എന്തുമായിക്കോട്ടെ അതിനു വിള്ളല്‍ വന്നതും അത് ഇരുവരും പോലീസ് മധ്യസ്ഥതയില്‍ പറഞ്ഞു പരിഹരിച്ചതും ആണ്. എന്നാല്‍ മുന്‍പ് പറഞ്ഞതുപോലെ പക എന്ന വികാരം അതില്‍ ഒരാളുടെ ചിന്താശേഷിയെ നഷ്ടപ്പെടുത്തിയിരുന്നു. ഫലം രണ്ടുപേരുടെയും ജീവന്‍ നഷ്ടപ്പെട്ടു എന്നത് മാത്രമാണ്.

ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളവരായിരിക്കും ഇരുവരും. വളരെ നിസ്സാരമായി പരിഹരിക്കപെടാവുന്ന 10% പ്രശ്‌നങ്ങളെ ഒരുപക്ഷേ അവരുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടാവുകയുള്ളൂ. എന്നാല്‍ അവശേഷിക്കുന്ന 90 ശതമാനം പ്രശ്‌നങ്ങളും അമിതമായി അതിനെ ചിന്തിച്ച് അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയതാകാം.
ചില വേദനകളെ സന്തോഷത്തോടുകൂടി സ്വീകരിച്ചാല്‍, അല്ലെങ്കില്‍ എതിര്‍ഭാഗത്ത് നില്‍ക്കുന്ന ആളെ കുറ്റപ്പെടുത്താതെ, വേദനിപ്പിക്കാതെ, ജീവിതം ജീവിച്ചു കാണിച്ചു കൊടുത്താല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂ.

ഒരു വിഷമത്തിന് തുല്യമായ ഒരു നേട്ടവും വന്നുചേരും എന്ന് ഉറപ്പിച്ചു ജീവിക്കുക. ഇതു മനസ്സിന് വലിയ കരുത്തു നല്‍കും. സന്തോഷകരമായ വാര്‍ത്തകള്‍ മാത്രം കേള്‍ക്കാന്‍ ശ്രമിക്കുക. നല്ല സുഹൃത്തുക്കളെ ഉണ്ടാക്കുക. വിഷമം തരുന്നവരെ അവരെ വേദനിപ്പിക്കാത്ത രീതിയില്‍ പതിയെ മാറ്റിനിര്‍ത്തുക. സന്തോഷം തരുന്നവരെ കൈവിട്ടു കളയാതെ ചേര്‍ത്തുപിടിക്കുക. കാര്യങ്ങള്‍ തുറന്നു പറയുക. നമ്മളെ വേണ്ടാത്തവര്‍ക്കായി കരയാന്‍ ഉള്ളതല്ല ജീവിതം എന്ന് മനസ്സിലാക്കുക. അത് നമ്മളെ സ്‌നേഹിക്കുന്നവര്‍ക്കായി ജീവിച്ചു തീര്‍ക്കാന്‍ ഉള്ളതാണെന്ന് മനസ്സില്‍ ഉറപ്പിക്കുക. സ്വപ്നങ്ങളും പുഞ്ചിരികളും കൊണ്ട് ജീവിതം നിറയ്ക്കുക. അതില്‍ ചിലപ്പോഴൊക്കെ നഷ്ടങ്ങള്‍ സംഭവിക്കാം സ്വാഭാവികം. ആ നഷ്ടത്തെയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുക. നമ്മുടെ സന്തോഷത്തിന്റെ താക്കോല്‍ നമ്മള്‍ തന്നെ സൂക്ഷിക്കുക.

”എല്ലാ സമയങ്ങളിലും ശാന്തത കൈവരിക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കുക. സന്തോഷം താനേ നിങ്ങളെ തേടിയെത്തും- ശ്രീബുദ്ധന്‍.”