പാലാ രൂപതക്ക് പിന്നാലെ നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപത

News

പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ പത്തനംതിട്ട രൂപതയും നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ചു. 2000 രൂപ പ്രതിമാസം നല്‍കുമെന്നാണ് വാഗ്ദാനം. ഇതിനു പുറമെ ആവശ്യമെങ്കില്‍ സഭാ സ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും വാഗ്ദാനം നല്‍കുന്നുണ്ട്. പത്തനംതിട്ട രൂപതയുടെ കീഴിലുള്ള സ്‌കൂളുകളില്‍ അഡ്മിഷനും മുന്‍ഗണന ലഭിക്കും. ഇത്തരത്തില്‍ തയ്യാറായി മുന്നോട്ടു വരുന്ന കുടുംബങ്ങളെ അധ്യാത്മിക കാര്യങ്ങളില്‍ സഹായിക്കാന്‍ വൈദികനെയും കന്യാസ്ത്രീയേയും ചുമതലപ്പെടുത്തുമെന്നും പത്തനംതിട്ട രൂപത അറിയിച്ചിട്ടുണ്ട്. രണ്ടായിരത്തിനു ശേഷം വിവാഹിതരായ ദമ്പതികള്‍ക്കാണ് ഈ വാഗ്ദാനം. ദമ്പതികള്‍ക്ക് കൂടുതല്‍ കുട്ടികളെ സ്വീകരിക്കാനായുള്ള പ്രോത്സാഹനമാണ് ഈ പദ്ധതി കൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു.

സമാന രീതിയില്‍ പാലാ രൂപതയും നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് 1500 രൂപ പ്രതിമാസം സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തങ്ങളുടെ സമുദായത്തില്‍ ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം കൊടുക്കുന്ന ഇത്തരം വാഗ്ദാനങ്ങള്‍ സമൂഹത്തിനെയും ഇത്തരം കുടുംബങ്ങളെയും വലിയ രീതിയില്‍ ബാധിക്കുമെന്നായിരുന്നു വിമര്‍ശനം.