പുതിയ റാങ്ക് ലിസ്റ്റിനായുള്ള പരീക്ഷകളുമായി പി.എസ്.സി

Keralam News

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് പിന്നാലെ പുതിയ റാങ്ക് ലിസ്റ്റിനായി പരീക്ഷകള്‍ നടത്താന്‍ ഒരുങ്ങി പി.എസ്.സി. 493 റാങ്ക് പട്ടികകളുടെ കാലാവധി ഈ മാസം നാലാം തീയതി അവസാനിക്കാനിരിക്കെയാണ് ഇന്ന് ചേർന്ന യോഗത്തിൽ പി.എസ്.സി പുതിയ തീരുമാനം എടുത്തത്.

ഈ വർഷം ഫെബ്രുവരി അഞ്ചു മുതല്‍ ആഗസ്ത് മൂന്ന് വരെ കാലാവധി നീട്ടിനല്‍കിയ റാങ്ക് പട്ടികകളുടെ കാലാവധിയാണ് നാലാം തീയതി അവസാനിക്കുന്നത്. പട്ടികകളുടെ കാലാവധി നീട്ടണമെന്നോ, ഇത് സംബന്ധിച്ച മറ്റു നിർദ്ദേശങ്ങളോ പി.എസ്.സിക്ക് സർക്കാർ നൽകിയിരുന്നില്ല. നേരത്തെ പറഞ്ഞിരുന്ന ഒക്ടോബറിലെ രണ്ടാംഘട്ട പരീക്ഷകൾ മാറ്റമില്ലാതെ നടത്താനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

രണ്ടാംഘട്ട പരീക്ഷകൾ നടത്താത്തതിനാൽ എല്‍.ഡി.സി.യുടെയും എല്‍.ജി.സി.യുടെയും പ്രസിദ്ധീകരിക്കുവാനുള്ള പുതിയ റാങ്ക് പട്ടികയും പുറത്തിറക്കില്ല. ഇതിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ചിന്റെ അടുത്ത് എല്‍.ഡി.സി. ഉദ്യോഗാര്‍ഥികള്‍ ആവശ്യം അറിയിക്കുകയും ഇത് പ്രകാരം ട്രിബ്യൂണല്‍ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടി കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ പി.എസ്.സി ഹൈക്കോടതിയിൽ ഹർജി കൊടുത്തിട്ടുണ്ട്. ഒരു ലിസ്റ്റിനുവേണ്ടി മാത്രമായി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി കൊടുക്കുന്നത് ശരിയല്ലെന്നും, ഇത് മറ്റു റാങ്ക് പട്ടികകളെയും ബാധിക്കുമെന്നുമാണ് പി.എസ്.സി വിശദീകരണം.