പ്രത്യേക വാക്സിനേഷൻ യജ്ഞം ഇന്ന് മുതൽ; ലക്ഷ്യം അറുപത് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ

Health Keralam News

തിരുവനന്തപുരം: അറുപതു വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രത്യേക വാക്സീനേഷന് ഇന്ന് തുടങ്ങും. അടുത്ത മൂന്നു ദിവസങ്ങളിലായാവും ഈ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തുക.

സംസ്ഥാനത്തെ ഗ്രാമീണ പ്രദേശത്തെയും പിന്നോക്ക ജില്ലകളിലെയും എല്ലാ ആളുകൾക്കും വാക്സിൻ എത്തിക്കാൻ കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച ഇടങ്ങളിൽ എല്ലാവർക്കും കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയവർക്ക് വാക്സിൻ നൽകാനും ഈ പ്രത്യേക വാക്സിനേഷന്റെ ഭാഗമായി ഉദ്ദേശിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 2000 ത്തിലും താഴെയാണ് അറുപതു കഴിഞ്ഞിട്ടും ആദ്യ ഡോസ് വാക്സിൻ എടുക്കാത്തവരുടെ എണ്ണം.

ഈ മാസം 31 നകം സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി സമ്പൂർണ ആദ്യഘട്ട വാക്സിനേഷൻ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാല് ലക്ഷത്തിനുമേൽ വാക്സീന്‍ വീണ്ടും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്.

ഇതിനിടെ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും മറ്റു വിദഗ്ധരും ഉൾപ്പെടുന്ന കേന്ദ്രസംഘം സംസ്ഥാനം സന്ദർശിക്കും. കേന്ദ്ര ആരോഗ്യമന്ത്രി കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തും.