എടിഎഎം തകരാർ; യുവാവിന് നഷ്ടമായത് 9000 രൂപ ബാങ്ക് തിരിച്ചു നൽകിയത് 36500

Local News

കോഴിക്കോട്: എടിഎം മെഷിന്റെ തകരാർ മൂലം 9000 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടമായ ഉടമയ്ക്ക് ബാങ്ക് പരിഹാരമായി നൽകിയത് 36500 രൂപ. പണം നഷ്‌ടമായ വിഷയത്തിൽ ഓംബുഡ്‌സ്മാന്‍ വിധി പ്രഖ്യാപിച്ചതോടെയാണ് 27,500 രൂപ നഷ്ടപരിഹാര തുകയുൾപ്പെടെ 36,500 രൂപ ബാങ്ക് തിരിച്ചു നൽകിയത്.

2020 നവംബറിലാണ് വാർത്തയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയ്‌ക്ക് അടുത്തുള്ള സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് യുവാവ് പണം പിന്‍വലിക്കാന്‍ ഒരുങ്ങിയപ്പോഴാണ് 9000 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത്. ബാങ്ക് സേവിങ്സിൽ നിന്നും 9000 രൂപ പിനാവലിക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്തെങ്കിലും യുവാവിന് പണം ലഭിച്ചില്ല. പക്ഷെ കുറച്ചു നിമിഷങ്ങൾക്ക് ശേഷം 9000 രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായുള്ള എസ് എം എസ് സന്ദേശം യുവാവിന്റെ മൊബൈല്‍ ഫോണിലേക്ക് വരുകയായിരുന്നു.

പണം നഷ്ടപ്പെട്ട കാര്യം ബാങ്കിനെ അറിയിച്ചെങ്കിലും കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് വിവരം അറിയിക്കാനാണ് പറഞ്ഞത്. നിർദേശം അനുസരിച്ച് വിളിച്ചെങ്കിലും കസ്റ്റമർ കെയറിൽ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതിനു ശേഷമാണ് റിസര്‍വ് ബാങ്കിന്റെ സേവനമായ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ വെബ്‌സൈറ്റ് വഴി യുവാവ് പരാതി നൽകിയത്. പരാതിയിൽ യുവാവിന് നഷ്ടപ്പെട്ട 9000 രൂപയും ഒരു ദിവസത്തേക്ക് 100 രൂപ എന്ന കണക്കിൽ 27,500 രൂപ നഷ്ടപരിഹാര തുകയും നല്കാൻ ഓംബുഡ്‌സ്മാന്‍ വിധി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകെ മൊത്തം 36500 രൂപ യുവാവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്.