മലപ്പുറത്തിൻ്റെ മഹോത്സവമായി ‘മമതോത്സവം’

Local News

മലപ്പുറം: യാഥാർത്ഥ്യങ്ങൾ പറയുന്നവരെ രാജ്യദ്രോഹികളാക്കുന്ന ഭരണകൂടമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് ചലച്ചിത്ര സംവിധായികയും ആക്റ്റിവിസ്റ്റുമായ അയിഷ സുൽത്താന പറഞ്ഞു.മലപ്പുറത്തിൻ്റെ മതേതര തനിമ ( മമതോത്സവം ) മലപ്പുറം ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളവും മലപ്പുറവും എപ്പോഴും ലക്ഷദ്വീപുകാർക്കൊപ്പം നിന്നവരാണ്. കലയിലൂടെയാണ് ഒരോ നാടിനേയും അറിയേണ്ടത്. എൻ്റെ കലാ പ്രവർത്തനത്തിലൂടെ എൻ്റെ നാട് അറിയേണ്ടത്.അതിന് മതമൊരു തടസ്സമാവരുത്. അവർ പറഞ്ഞു.
ചലച്ചിത്ര നടിയും നാടകപ്രവർത്തകയുമായ നിലമ്പൂർ ആയിഷ അധ്യക്ഷത വഹിച്ചു.
ഭയം ഭരിക്കുന്ന നാടായി.ഇന്ത്യ മാറിയെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് ‘ കെ.സച്ചിതാനന്ദൻ പറഞ്ഞു. ഓരോ നിമിഷവും നാം നിരീക്ഷപ്പെടുന്നു. അനന്തമായ അടിയന്തിരാവസ്ഥയിലാണ് നാം ജീവിക്കുന്നത്. ജനാധിപത്യത്തിൻ്റെ നാലു തൂണുകൾക്കും തുരുമ്പുപിടിച്ചിരിക്കുന്നു. കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ ദുർബലപ്പെട്ട സാംസ്കാരിക പരിസരത്തിലൂടെയാണ് നാം കടന്നു പോകുന്നത്.മലപ്പുറം സ്നേഹത്തിൻ്റേയും മൈത്രിയുടേയും ഇടമാണ്.മലപ്പുറത്തിന് മാത്രം അവകാശപ്പെടുന്ന കലാ സാഹിത്യ സാംസ്കാരിക പാരമ്പര്യം ഉണ്ട്. അതിനാൽ മമതോത്സവം ഇനിയും തുടർന്നു പോകേണ്ടതുണ്ട്.
അദ്ദേഹം പറഞ്ഞു.’ മുസ്ലിം എന്ന കവിതയും അദ്ദേഹം ചൊല്ലി.മമതോത്സവം സപ്ലിമെൻ്റ് പ്രകാശനം കവി മണമ്പൂർ രാജൻ ബാബു ബഷീർ ചുങ്കത്തറക്കു നൽകി നിർവ്വഹിച്ചു.വി.പി ഷൗക്കത്തലി ‘പലസ്തീൻ എന്ന കവിത അവതരിപ്പിച്ചു.

പ്രൊഫ.എം എം നാരായണൻ, ഡോ: കെ.പി മോഹനൻ, അസീസ് തുവ്വൂർ , ഡോ: പി.പി.അബ്ദുൽ റസാഖ്,കെ .ആർ .നാൻസി എന്നിവർ സംസാരിച്ചു.മലപ്പുറത്തെ നൂറോളം എഴുത്തുകാരേയും കലാകാരൻമാരേയും ചടങ്ങിൽ ആദരിച്ചു.

ജാഫർ ആഷിഖ് അവതരിപ്പിച്ച ‘യാദ് രഖേൻ, എന്ന ഖവ്വാലിയും സുരേഷ് തിരുവാലിയുടെ പാട്ടും പറച്ചിലും നാടൻ പാട്ടും, അലോഷിയുടെ ഗസൽ സംഗീതവും നടന്നു.