വാടക നല്‍കാതെ നവകേരള സദസ്സിന് ബസ്സുകള്‍ വിട്ട് നല്‍കാനാവില്ല ;ബസ്സുടമകള്‍

Keralam News

മലപ്പുറം: സര്‍ക്കാരിന്റെ നവകേരള സദസ്സിനായി സ്വകാര്യ ബസുകള്‍ സൗജന്യമായി വിട്ടു നല്‍കണമെന്ന് വകുപ്പു ഉദ്യോഗസ്ഥര്‍ ബസ്സുടമകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
സാമ്പത്തിക പരാധീനകളാല്‍ പ്രയാസപ്പെടുന്ന ബസുടമകളുടെ ചുമലില്‍ ഓരോ ദിവസവും പുതിയ നിയമങ്ങള്‍ കെട്ടിയേല്‍പ്പിച്ച് സ്വകാര്യ ബസ് വ്യവസായം മുന്നോട്ട പോവാനാവാതെ തീര്‍ത്തും പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്റെ ഈ പരിപാടിക്ക് ബസ്സുകള്‍ സൗജന്യമായി വിട്ടു കൊടുക്കുമ്പോള്‍ പതിനയ്യായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ ഒരു ബസ്സിന് നഷ്ടം വരുന്ന സ്ഥിതിയുണ്ടാവും.സര്‍ക്കാര്‍ ഈ തീരുമാനം പുനപരിശോധിക്കണം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് പോലീസിന് വേണ്ടി ഓടിയ ബസുകള്‍ക്ക് മലപ്പുറം ജില്ലയില്‍ മാത്രം 7 ലക്ഷത്തിലധികം രൂപ വാടകയിനത്തില്‍ ലഭിക്കാനുണ്ട്.ഇത് അടിയന്തിരമായി വിതരണം ചെയ്യാന്‍ നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡണ്ട് മുസ്തഫ കളത്തുംപടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു .ജനറല്‍ സെക്രട്ടറി എം സി കുഞ്ഞിപ്പ,വൈസ പ്രസിഡണ്ട് വാക്കിയത്ത് കോയ, കുഞ്ഞിക്ക കൊണ്ടോട്ടി,കെ കെ മുഹമ്മദ്, ദിനേശ് കുമാര്‍ എം, ശിവാകരന്‍ , സുമിത്രന്‍ എം, കെ.എം എച്ച് അലി എന്നിവര്‍ സംസാരിച്ചു.