മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേട്; അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്

Crime Local News

കൊല്ലം: മയ്യനാട് സഹകരണ ബാങ്കിലുണ്ടായ ക്രമക്കേടില്‍ സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ബാങ്കിൽ ജോലി ചെയ്യുന്നവരുടെയും കുടുംബക്കാരുടെയും പത്ത് വർഷത്തോളമുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. പണ്ട് ഈ ബാങ്കിൽ ജോലി ചെയ്തവർക്കും ക്രമക്കേടിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഒരു മാസത്തിനുള്ളിൽ കേസിന്റെ അന്വേഷണം പൂർത്തിയാക്കാനാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നിർദേശിച്ചിരിക്കുന്നത്.

മയ്യനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ രാധാകൃഷ്ണന്‍ ഒരു കോടിയിലുമധികം തുക ബിനാമികളുടെ പേരിൽ വായ്പയെടുത്തെന്നും, തുക തിരിച്ചടച്ചില്ലെന്നുമായിരുന്നു പരാതി. സഹകരണ മന്ത്രിക്കും രജിസ്ട്രാർക്കുമാണ് ഇത് സംബന്ധിച്ചുള്ള പരാതി ലഭിച്ചത്.

രാധാകൃഷ്ണൻ അഞ്ചുലക്ഷം രൂപ മുടക്കി വാങ്ങിയ ഭൂമി പിന്നീട് ഭാര്യയുടെയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ മരുമകന്റെയും പേരിലേക്ക് മാറ്റുകയും ഈ ഭൂമി വെച്ച് ഇരുവരുടെയും പേരിൽ 30 ലക്ഷം രൂപ എടുത്തെന്നുമാണ് പരാതി. ഈ വായ്പ തിരിച്ചടയ്ക്കാതെ വീണ്ടും നാലു ബന്ധുക്കളുടെ കൂടെ പേരിൽ 40 ലക്ഷം രൂപ വായ്പ എടുത്തു. ഈ തുക 2019 മാർച്ച് 23 ന് രാധാകൃഷ്ണന്റെ ബന്ധുവായ സുനിൽ കുമാറിന്റെ അക്കൗണ്ടിലേക്ക് എത്തുകയും അന്ന് തന്നെ രാധാകൃഷ്ണന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത് തെളിയിക്കുന്ന രേഖകൾ അടക്കമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.